നാഗ്പുർ: കർണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ തങ്ങളിലേക്കു ചേർക്കുന്നതിന് ‘നിയമപരമായി മുന്നോട്ടുനീങ്ങാൻ’ തീരുമാനിക്കുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി മഹാരാഷ്ട്ര നിയമസഭ. നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കർണാടക നിയമസഭ ഈയിടെ പ്രമേയം പാസാക്കിയതിനുപിന്നാലെയാണ് അതിർത്തി തർക്കത്തിന് പുതിയ മാനം നൽകി മഹാരാഷ്ട്ര നിയമസഭയും സമാനവഴിയിൽ നീങ്ങുന്നത്.
ആദ്യം ഇത്തരമൊരു പ്രമേയം കൊണ്ടുവന്നതിലൂടെ കർണാടകയാണ് തർക്കം രൂക്ഷമാക്കിയതെന്ന് ഇരുസഭകളിലും പ്രമേയം അവതരിപ്പിക്കവേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആരോപിച്ചു. ‘നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള, മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങൾക്കും ബെളഗാവി, കാർവാർ, നിപാനി, ബിദർ, ഭാൽകി നഗരങ്ങൾക്കുമൊപ്പം മഹാരാഷ്ട്ര ഉറച്ചുനിൽക്കുന്നു. ഈ ഗ്രാമങ്ങളും നഗരങ്ങളും പൂർണമായും മഹാരാഷ്ട്രയോട് ചേർക്കണമെന്ന് സുപ്രീംകോടതിയിൽ നിയമപരമായി ആവശ്യപ്പെടും’ -പ്രമേയം വ്യക്തമാക്കുന്നു.
വിഷയത്തിൽ സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിക്കുംവരെ തർക്കം രൂക്ഷമാകാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് ഇരുസംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ, കർണാടക ഇത് ലംഘിക്കുകയായിരുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. തർക്കത്തിൽ സംസ്ഥാന താൽപര്യം സംരക്ഷിക്കുമെന്നും ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രക്ക് വിട്ടുകൊടുക്കില്ലെന്നും വ്യാഴാഴ്ച പാസാക്കിയ പ്രമേയത്തിൽ കർണാടക നിയമസഭ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയാണ് തർക്കം സൃഷ്ടിച്ചതെന്നും പ്രമേയം കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ, സുപ്രീംകോടതി വിധി വരുന്നവരെ തർക്ക ഗ്രാമങ്ങളെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കണമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) ആവശ്യപ്പെട്ടിരുന്നു. 1957ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തികൾ പുനർനിർണയിച്ചതുമുതൽ ആരംഭിച്ചതാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.