ന്യൂഡൽഹി: ശിവസേനയിൽ പിളർപ്പുണ്ടാക്കിയ ഏക് നാഥ് ഷിൻഡെയും സംഘവും ശക്തിതെളിയിക്കുന്ന കത്ത് കൈമാറിയതോടെ, മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ സ്റ്റിയറിങ് ഗവർണർ ഭഗത് സിങ്
കോശിയാരിയുടെ കൈകളിലേക്ക്. നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിനു ശിപാർശ ചെയ്യാം. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം. നിയമസഭ സമ്മേളനം വിളിക്കാൻ സ്പീക്കർക്ക് നിർദേശം നൽകാം. ഇക്കാര്യങ്ങളിലെല്ലാം ഗവർണറുടെ തീരുമാനം സ്വാഭാവികമായും അദ്ദേഹത്തെ നിയന്ത്രിക്കുന്ന കേന്ദ്രഭരണത്തെ ആശ്രയിച്ചുനിൽക്കുന്നു.
മുഖ്യമന്ത്രിക്കൊപ്പമുള്ള ശിവസേനക്കാരുടെ എണ്ണം രണ്ടു ഡസനിലേക്ക് ചുരുക്കി കൂടുതൽ എം.എൽ.എമാരെ റാഞ്ചാൻ ഷിൻഡെക്ക് സാധിച്ചതോടെ നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ഭരണസഖ്യം മുന്നോട്ടു വെക്കുക. എന്നാൽ, ഷിൻഡെയെ നിയന്ത്രിക്കാനും നയിക്കാനും ബി.ജെ.പിക്ക് എത്രത്തോളം സാധിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഗവർണർ നീങ്ങുകയെന്ന് വ്യക്തം. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രിയോടും സഭ വിളിച്ചുകൂട്ടാൻ സ്പീക്കറോടും നിർദേശിച്ചാൽ, ബദൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പി-ഷിൻഡെ കൂട്ടുകെട്ടിന് അവസരം ലഭിക്കും.
ശിവസേന എം.എൽ.എമാരിൽ മൂന്നിൽ രണ്ടു പേരുടെ പിന്തുണ ഷിൻഡെക്ക് ഉണ്ടായാൽ മാത്രമാണ് ബദൽ സർക്കാറിനുള്ള സാധ്യതകൾ. അത്രയും പിന്തുണയായാൽ ഷിൻഡെക്ക് സ്വന്തം പാർട്ടി രൂപവത്കരിക്കാം. 56ൽ 37 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ഉറപ്പിക്കേണ്ടത്. അതല്ലെങ്കിൽ കൂറുമാറ്റ നിയമം ബാധകമാവും.
നിയമസഭാംഗത്വം നഷ്ടമാകും. കഴിയുന്നത്ര എം.എൽ.എമാരെ സംസ്ഥാനത്തിനു പുറത്തേക്ക് കടത്തിയവർ, അതു സമ്പാദിക്കാനുള്ള സാവകാശവും കുറുക്കുവഴികളുമാണ് തേടുന്നത്. അത് ഉറപ്പിച്ചുകഴിഞ്ഞാൽ നിയമസഭയിൽ ഭരണസഖ്യം ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യം ഗവർണർ മുന്നോട്ടു വെക്കും. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിലേക്ക് മഹാരാഷ്ട്ര നീങ്ങാൻ സാധ്യത കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.