കൊൽക്കത്ത: ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി അധാർമികമായി പുറത്താക്കുന്ന ആദ്യത്തെ വ്യക്തി എന്ന നിലയിൽ പാർലമെന്റിന്റെ ചരിത്രത്തിൽ ഇടം നേടുന്നതിൽ അഭിമാനമുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ ചെയ്തതിനു പിന്നാലെയാണ് അവരുടെ എക്സ് പോസ്റ്റ്.
''എത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കിയ പാർലമെന്റിലെ ആദ്യ വ്യക്തി എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയതിൽ അഭിമാനക്കുന്നു. ആദ്യം പുറത്താക്കൽ. പിന്നീട് തെളിവുകൾ കണ്ടെത്താൻ സി.ബി.ഐയോട് ആവശ്യപ്പെടൽ. അതു കഴിഞ്ഞ് കങ്കാരു കോടതി. തുടക്കം മുതൽ അവസാനം വരെ കുരങ്ങു ബിസിനസ്.''-എന്നാണ് മഹുവ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
''നല്ലൊരു പ്രതിസന്ധി ഒരിക്കലും പാഴാക്കരുത് എന്നാണ് അവർ പറയുന്നത്. ഇത് അടുത്ത തെരഞ്ഞെടുപ്പിൽ എന്റെ വിജയവോട്ടുകൾ ഇരട്ടിയാക്കാൻ സഹായിച്ചു.''-എന്ന് മഹുവ തുടർന്നും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് മഹുവ മൊയ്ത്രയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ ചെയ്തത്. മഹുവക്കെതിരായ റിപ്പോർട്ട് നാലിനെതിരെ ആറ് വോട്ടുകൾക്കാണ് എത്തിക്സ് കമ്മിറ്റി പാസാക്കിയത്. റിപ്പോർട്ട് ലോക്സഭ സ്പീക്കർ ഓം ബിർലക്ക് കൈമാറും. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നടപടിയെടുക്കുമെന്നാണ് സൂചന. ചോദ്യക്കോഴ വിവാദത്തിൽ നവംബർ ഒന്നിന് മഹുവ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു.
പ്രധാനമന്ത്രിക്കും അദാനി ഗ്രൂപ്പിനും എതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. വ്യവസായിയുമായി മഹുവ പാർലമെന്റ് ലോഗിൻ വിവരങ്ങൾ പങ്കുവെച്ചതിന്റെ തെളിവുകളും ദുബെ ഹാജരാക്കിയിരുന്നു.
ദർശനും ഇക്കാര്യം സമ്മതിച്ചിരുന്നു. ലോഗിൻ വിവരങ്ങൾ ദർശന് കൈമാറിയത് സമ്മതിച്ച മഹുവ കോടികൾ പ്രതിഫലമായി കൈപ്പറ്റിയിട്ടില്ലെന്നും ചില സമ്മാനങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നും മറുപടി നൽകുകയുണ്ടായി. ദർശൻ ദുബൈയിൽ നിന്നാണ് മഹുവയുടെ ലോഗിൻ ഐ.ഡി ഒന്നിലേറെ തവണ ഉപയോഗിച്ചത്. അതേസമയം, ലോഗിൻ വിവരങ്ങൾ പങ്കുവെക്കാൻ യാതൊരു നിയന്ത്രണവുമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ എത്തിക്സ് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അങ്ങനെ നിയമമുണ്ടെങ്കിൽ എം.പിമാരുമായി ഇക്കാര്യം പങ്കുവെക്കണമെന്നും കത്തിൽ അവർ ആവശ്യപ്പെട്ടിരുന്നു.
കംഗാരു കോടതി
19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിലാണ് 'കങ്കാരു കോടതി' എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഭരണകൂടത്തിന്റെയോ ഔദ്യോഗിക നീതിന്യായ സംവിധാനത്തിന്റെയോ അംഗീകാരമില്ലാതെ നിലനിൽക്കുകയും തോന്നുംപടി ശിക്ഷ വിധികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെയാണ് 'കങ്കാരു കോടതി' എന്നു വിളിക്കുന്നത്. നിയമ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ വിചാരണ പോലുള്ള കാര്യങ്ങൾ ഇതിലുണ്ടാകണമെന്നില്ല. പെട്ടെന്ന് തീർപ്പുകൽപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.