കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാർലമെന്‍റിലെ തീപ്പൊരി മെഹുവ മൊയ്ത്ര അടുത്തിടെ പാർട്ടി പരമാധികാരി മമത ബാനർജിയുമായി അൽപം അകൽച്ചയിലാണ്. ഈ അവസരം മുതലെടുക്കാനുള്ള ശ്രമം ബി.ജെ.പി പാളയത്തിൽ തുടങ്ങിക്കഴിഞ്ഞു. പ്രത്യേകിച്ചും ബംഗാളിൽ തങ്ങളുടെ നേതാക്കൾ തൃണമൂൽ പാളയത്തിലേക്ക് ഒഴുകുന്ന അവസ്ഥയിൽ മെഹുവ എത്തിയാൽ കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ കരുതി പോരുന്നത്. മെഹുവ മൊയ്ത്ര എം.പിക്ക് അധികകാലം തൃണമൂല്‍ കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ലെന്ന് ബി.ജെ.പി എം.പി സൗമിത്ര ഖാന്‍ പഞ്ഞു. സമീപ ഭാവിയില്‍ അവര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മെഹുവയെ തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പൊതുവേദിയില്‍വച്ച് പരസ്യമായി ശകാരിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് സൗമിത്ര ഖാന്‍റെ പരാമര്‍ശം. ബിഷ്ണുപൂരില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് സൗമിത്ര ഖാന്‍. അദ്ദേഹത്തിന്‍റെ ഭാര്യ സുജാത മണ്ഡല്‍ നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സൗമിത്ര ഖാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയും ഭാര്യയില്‍നിന്ന് വിവാഹമോചനം നേടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് മാത്രമേ എക്കാലത്തും പാര്‍ട്ടിയില്‍ തുടരാന്‍ കഴിയൂവെന്ന് സൗമിത്ര ഖാന്‍ ആരോപിച്ചു. മെഹുമക്ക് ദീര്‍ഘകാലം തൃണമൂല്‍ കോണ്‍ഗ്രസില്‍ തുടരാനാകില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ മെഹുവക്ക് ടിക്കറ്റ് കിട്ടാന്‍ സാധ്യതയില്ലെന്നും ബി.ജെ.പി എം.പി അഭിപ്രായപ്പെട്ടു. ബി.ജെ.പിക്കെതിരേ മുന്‍പ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന നേതാവാണ് മെഹുവയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ നിലപാടില്‍ ഉടന്‍ മാറ്റംവരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടു വര്‍ഷത്തിനകം അവര്‍ ബി.ജെ.പിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. അതിനുവേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെഹുവ മൊയ്ത്രയെ മമത ബാനര്‍ജി കടുത്ത ഭാഷയില്‍ ശകാരിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.
വ്യക്തമായ സന്ദേശം നല്‍കുകയാണെന്ന മുന്നറിയിപ്പോടെയാണ് തൃണമൂല്‍ എം.പിയെ വേദിയിലിരുത്തി മമത വിമര്‍ശിച്ചത്. ''മഹുവ, നിങ്ങള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ആര് ആരെ അനുകൂലിക്കുന്നു എന്നതോ എതിര്‍ക്കുന്നുവെന്നതോ എനിക്ക് പ്രശ്‌നമില്ല. യു ട്യൂബിലോ പത്രത്തിലോ ഡിജിറ്റല്‍ മാധ്യമങ്ങളിലോ ഷോ കാണിക്കുന്നതില്‍ തനിക്ക് വിശ്വാസമില്ല. അത്തരത്തിലുള്ള രാഷ്ട്രീയം ദീര്‍ഘകാലം നിലനില്‍ക്കില്ല. ഒരാള്‍ ഒരേ പദവിയില്‍തന്നെ എക്കാലത്തും തുടരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല' - അവര്‍ പറഞ്ഞു. മമത കടുത്ത ഭാഷയില്‍ സംസാരിച്ചുവെങ്കിലും വേദിയിലുണ്ടായിരുന്ന മഹുവ അതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പാർലമെന്‍റിലെ ബി.ജെ.പി വിരുദ്ധ പ്രഭാഷകരിൽ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമാണ് മെഹുവ. മികച്ച ഇംഗ്ലീഷിൽ അവരുടെ പാർലമെന്‍റിലെ പ്രഭാഷണങ്ങൾക്ക് എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളിൽനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.