ഭൂരിപക്ഷ പ്രീണനം...; രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ അവധി നൽകിയതിനെ വിമർശിച്ച് ഉവൈസി

ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും അവധി നൽകിയതിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി.

ഭൂരിപക്ഷ പ്രീണനം എന്നാണ് തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നബിദിന അവധി റദ്ദാക്കി. വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിനുള്ള അര മണിക്കൂർ ഇടവേള എടുത്തുകളഞ്ഞു. ഇതെല്ലാം ഭൂരിപക്ഷ പ്രീണനത്തിനല്ലാതെ മറ്റൊന്നിനുമല്ല’ -ഉവൈസി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പ്രതിഷ്ഠ ദിനത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും ഉച്ചക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചത്.

കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫിസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി. ഉച്ചക്ക് 12.15നും 12.45നും ഇടയിലാണ് പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്. തൊട്ടടുത്ത ദിവസം ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രാഷ്ട്രീയക്കാർ, വ്യവസായികൾ, സെലിബ്രിറ്റികൾ, വിവിധ രാജ്യങ്ങളി നിന്നുള്ള നൂറോളം പ്രതിനിധികൾ എന്നിവരുൾപ്പെടെ 7,000ത്തിലധികം ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗോവ, ചത്തീസ്ഗഢ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ജനുവരി 22ന് സ്കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - ‘Majority appeasement’: Owaisi on Centre’s ‘half day’ on Jan 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.