ജി20: പ്രസിഡന്റിന്റെ അത്താഴ വിരുന്നിലേക്ക് മല്ലികാർജുൻ ഖാർഗെക്ക് ക്ഷണമില്ല

ന്യൂഡൽഹി: ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മു നടത്തുന്ന അത്താഴവിരുന്നിലേക്ക് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെക്ക് ക്ഷണമില്ല. കാബിനറ്റ് പദവിയിലുള്ള ഖാർഗെ രാജ്യത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ അധ്യക്ഷൻ കൂടിയാണ്. ശനിയാഴ്ചയാണ് ക്ഷണം ലഭിച്ചിട്ടില്ലെന്ന വിവരം ഖാർഗെയുടെ ഓഫീസ് സ്ഥിരീകരിച്ചത്. അതേസമയം, ഒരു രാഷ്ട്രീയപാർട്ടിയുടേയും​ നേതാവിനേയും അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

കേന്ദ്രമന്ത്രിമാർ, സഹമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, ​കേന്ദ്രസർക്കാർ സെക്രട്ടറിമാർ എന്നിവരെല്ലാം ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഡോ.മൻമോഹൻ സിങ്, എച്ച്.ഡി ദേവഗൗഡ എന്നിവരും അതിഥികളുടെ പട്ടികയിലുണ്ട്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർ അത്താഴവിരുന്നിൽ പ​ങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതിഥികളോട് പാർലമെന്റ് ഹൗസിലേക്കാണ് എത്താൻ നിർദേശിച്ചിരിക്കുന്നത്. അവിടെ നിന്നും ജി20 ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് പ്രത്യേക വാഹനത്തിൽ ഇവരെ എത്തിക്കും. 40ൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് രണ്ട് ദിവസങ്ങളായി നടക്കുന്ന ജി20 ഉച്ചകോടിയിൽ പ​​ങ്കെടുക്കുക. ഉച്ചകോടി നടക്കുന്ന പ്രധാനവേദിയായ ഭാരത മണ്ഡപത്തിൽ ഏകദേശം 10,000 പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Mallikarjun Kharge Not Invited To G20 Dinner Hosted By President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.