ന്യൂഡൽഹി: ‘ഇൻഡ്യ’ മുന്നണി നേതാക്കളുടെ ജൂൺ ഒന്നിന് ചേരുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. അന്നേ ദിവസം പശ്ചിമ ബംഗാളിൽ വോട്ടെടുപ്പായതിനാൽ പങ്കെടുക്കാനാവില്ലെന്ന് മമത പറഞ്ഞു. മാത്രമല്ല, ‘റിമാൽ’ ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിന്‍റെ തീരപ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും ഒരു കാരണമായി പറയുന്നു.
കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് താൻ പങ്കെടുക്കാത്ത കാര്യം മമത പറഞ്ഞത്. ഇൻഡ്യ മുന്നണി ജൂൺ ഒന്നിന് യോഗം നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ, നമ്മുടെ സംസ്ഥാനത്ത് അന്ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വരാൻ കഴിയില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പഞ്ചാബിലും യു.പിയിലും ബിഹാറിലും ഉണ്ടെന്ന് അറിയാം. എല്ലാം ഉപേക്ഷിച്ച് എങ്ങനെ പോകാനാകും? ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് എന്‍റെ മുൻഗണന -മമത പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ‘ഇൻഡ്യ’ മുന്നണിയിലെ ഉന്നത നേതാക്കൾ യോഗം ചേരുന്നത്. ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് മുന്നണി യോഗം ചേരുന്നത്. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ സഖ്യത്തിന്റെ തുടർ പ്രവർത്തനങ്ങളാകും പ്രധാന ചർച്ചാ വിഷയം.
പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർക്ക് യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.