ഇംഫാൽ: ഇന്ത്യക്കെതിരെ വംശീയ കലാപം നടത്താൻ ഗൂഢാലോചന നടത്തിയതിന് മണിപ്പൂരിൽ ഒരാൾ അറസ്റ്റിൽ. ചുരാചന്ദ്പൂർ ജില്ലയിൽ വെച്ചാണ് സെയ്മിൻലുൻ ഗാങ്‌തെ എന്നയാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
മണിപ്പൂരിലെ വംശീയ കലാപം മുതലെടുത്ത് ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്ന, മ്യാൻമറും ബംഗ്ലാദേശും ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് എൻ.ഐ.എ പറയുന്നു.
മണിപ്പൂരിലെ വിവിധ വംശീയ വിഭാഗങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്തുക എന്ന ഉദ്ദേശത്തോടെ ഇവർ അക്രമം ഉണ്ടാക്കാൻ ഇന്ത്യയിലെ ഒരുവിഭാഗം തീവ്രവാദി നേതാക്കളുമായി ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മണിപ്പൂരിലെ ക്വാക്തയിൽ ജൂൺ 22ന് ഒരാൾ കൊല്ലപ്പെട്ട കാർ ബോംബ് സ്‌ഫോടനത്തിലെ മുഖ്യപ്രതി കൂടിയാണ് ഗാങ്‌തെയെന്ന് എൻ.ഐ.എ പറഞ്ഞു. എന്നാൽ ഏത് ഭീകരസംഘടനയിൽ ഉൾപ്പെട്ടയാളാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ആയുധങ്ങൾ നിർമിക്കാനും മറ്റ് ഉപകരണങ്ങൾ വാങ്ങാനും ഈ ഗ്രൂപ്പുകൾ ഫണ്ട് നൽകുമായിരുന്നെന്നും സാമഗ്രികൾ അതിർത്തിക്കപ്പുറത്തുനിന്നും വടക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ഭീകരസംഘടനകളിൽനിന്നും കണ്ടെത്തിയട്ടുണ്ടെന്നും എൻ.ഐ.എ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മണിപ്പൂരിൽ പിടിയിലാകുന്ന രണ്ടാമത്തെ ഭീകരവാദിയാണ് ഗാങ്‌തെ. സെപ്റ്റംബർ 22ന് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് മൊയ്‌രംഗ്‌തെം ആനന്ദ് സിങിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.