കാമറെഡ്ഡി: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്ന് ശ്മശാനത്തിലെത്തിച്ച് ഭർത്താവ്. തെലങ്കാനയിലെ കാമെറഡ്ഡി നഗരത്തിലാണ് സംഭവം.
ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി ഭർത്താവ് നടക്കുന്ന ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നാഗലക്ഷ്മിയും ഭർത്താവ് സ്വാമിയും കാമറെഡ്ഡി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു താമസം. ഭിക്ഷയെടുത്താണ് ഇരുവരും ജീവിച്ചിരുന്നത്. പെട്ടന്ന് സുഖമില്ലാതായ നാഗലക്ഷ്മി തിങ്കളാഴ്ച മരിച്ചു. ഹൃദയാഘാതമായിരുന്നു മരണാകാരണം.
നാഗലക്ഷ്മിയുടെ അന്ത്യകർമങ്ങൾ ചെയ്യുന്നതിനായി റെയിൽവേ പൊലീസ് 2500 രൂപ സ്വാമിക്ക് കൈമാറിയിരുന്നു. എന്നാൽ സ്വകാര്യവാഹനങ്ങളോ ആംബുലൻസോ ഭാര്യയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ സ്വാമിക്ക് ലഭിച്ചില്ല. നാഗലക്ഷ്മി കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് പറഞ്ഞായിരുന്നു വാഹനം നിഷേധിച്ചത്.
മണിക്കൂറുകൾ കാത്തുനിന്നതിന് ശേഷം ഭാര്യയുടെ മൃതദേഹം സ്വാമി ചുമലിലേറ്റി നടക്കുകയായിരുന്നു. ശ്മശാനത്തിലെത്തിച്ച് സ്വാമിതന്നെ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു. സംഭവത്തിന്‍റെ മൊബൈൽ വിഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.