ഇടിച്ചുതെറിപ്പിച്ച സ്കൂട്ടർ യാത്രികനെ മുകളിൽ നിന്നിറക്കാതെ കാർ ഓടിച്ചത് മൂന്ന് കിലോമീറ്റർ; ഒടുവിൽ ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയും ഇടിയുടെ ആഘാതത്തിൽ കാറിനു മുകളിൽ പതിച്ചയാളുമായി കാർ നിർത്താതെ പോവുകയും ചെയ്ത ദാരുണ സംഭവത്തിൽ ഒരാൾ മരിച്ചു. ദൃക്സാക്ഷികൾ മുന്നറിയിപ്പ് നൽകിയിട്ടും കാർ അതിവേഗത്തിൽ ഓടിച്ചുപോയ ഡ്രൈവർ, മൂന്നു കി.മി സഞ്ചരിച്ച ശേഷം പരിക്കേറ്റയാളെ കാറിനു മുകളിൽ നിന്നു വലിച്ചു താഴെയിട്ടു കടന്നുകളയുകയാ‍യിരുന്നു. തലസ്ഥാന നഗരത്തിൽ അതീവ സുരക്ഷാ മേഖലയിൽ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു.

30 കാരനായ ദീപാൻഷു വർമ്മയാണ് മരിച്ചത്. പരിക്കേറ്റ 20 കാരനായ ബന്ധു മുകുളിന്റെ നില ഗുരുതരമാണ്. കസ്തൂർബാ ഗാന്ധി മാർഗ് കവലയിൽ വച്ചാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ കാർ ഇടിച്ചതെന്ന് വീഡിയോ പകർത്തിയ ദൃക്‌സാക്ഷി പറഞ്ഞു.

കൂട്ടിയിടിയെ തുടർന്ന് യുവാക്കളിൽ ഒരാൾ ദൂരേക്ക് തെറിച്ചുവീണു. മറ്റൊരാൾ കാറിന്റെ മേൽക്കൂരയിലേക്കും വീണു. എന്നാൽ ഡ്രൈവർ കാർ നിർത്താതെ വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു.

ദൃക്‌സാക്ഷിയായ മുഹമ്മദ് ബിലാൽ സ്‌കൂട്ടറിൽ കാറിനെ പിന്തുടർന്നു. ഹോൺ മുഴക്കി ഡ്രൈവറെ അറിയിക്കാൻ ശ്രമിച്ചിട്ടും കാർ നിർത്തിയില്ല. ഏകദേശംമൂന്ന് കിലോമീറ്ററോളം ഓടിച്ച ശേഷം ഡൽഹി ഗേറ്റിന് സമീപം നിർത്തി പരിക്കേറ്റയാളെ കാറിനു മുകളിൽ നിന്നു വലിച്ചു താഴെയിട്ട് ഡ്രൈവർ കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ ഡൽഹി പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഹർനീത് സിങ് ചൗള എന്ന പ്രതിയാണ് അറസ്റ്റിലായത്. അദ്ദേഹത്തോടൊപ്പം കാറിൽ കുടുംബവും ഉണ്ടായിരുന്നു.

ജ്വല്ലറി നടത്തിയിരുന്ന ദീപാൻഷു വർമയ്ക്ക് മാതാപിതാക്കളും സഹോദരിയും ഉണ്ട്.

Tags:    
News Summary - Man Dies In Delhi Hit-And-Run, Seen Lying On Roof As Car Driven For 3 Km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.