ജയ്പൂർ: ജയ്പൂരിൽ കാറിന് മുകളിൽ കയറി നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് യുവാവ്. ജയ്പൂരിലെ മാളവ്യ നഗറിലെ ഗൗരവ് ടവറിന് സമീപമായിരുന്നു സംഭവം. മണിഹീസ്റ്റ് കഥാപാത്രത്തിന്‍റേത് പോലെ വസ്ത്രം ധരിച്ചായിരുന്നു യുവാവിന്‍റെ നോട്ടെറിയൽ. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യുവാവിന് പൊലീസിന്‍റെ പിടിയും വീണു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്പാനിഷ് ഹീസ്റ്റ് ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പരയായ 'മണി ഹീസ്റ്റ്' എന്ന ജനപ്രിയ നെറ്റ്ഫ്ലിക്സ് പരമ്പരയിലെ കഥാപാത്രത്തിന്‍റെ വസ്ത്രമണിഞ്ഞാണ് യുവാവ് രംഗത്തെത്തിയത്. കഥാപാത്രം ധരിച്ചിരിക്കുന്നത് പോലെ മുഖംമൂടിയും യുവാവ് ധരിച്ചിരുന്നു. പിന്നാലെ കാറിന് മുകളിൽ കയറി നിന്ന് നോട്ടുകൾ വലിച്ചെറിയുകയായിരുന്നു. ഇരുപതിന്‍റെയും പത്തിന്‍റേയും നോട്ടുകളാണ് യുവാവ് വലിച്ചെറിഞ്ഞത്.
'നോട്ട് മഴ' കണ്ടുനിന്ന ജനങ്ങൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് നോട്ട് ശേഖരിക്കാൻ ധൃതി കൂട്ടുന്നതും വീഡിയോയിൽ കാണാം. പലരും വാഹനങ്ങൾ നിർത്തിയിട്ട് നോട്ട് ശേഖരിക്കനെത്തിയതോടെ പ്രദേശത്ത് ഏറെനരം ഗതാഗതം സ്തംഭിച്ചിരുന്നു. വീഡിയോ വൈറലായതോടെ യുവാവിനെതിരെ ജവഹർ പൊലീസ് കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തമാശക്ക് ചെയ്തതാണെന്നാണ് യുവാവിന്‍റെ പ്രതികരണം. പിതാവിന്‍റെ കാറുമായെത്തിയായിരുന്നു യുവാവിന്‍റെ അഭ്യാസം. അതേസമയം വലിച്ചെറിയപ്പെട്ട നോട്ടുകൾ കള്ളനോട്ടുകളാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും, നോട്ടുകളുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.