ബസ്തർ (ഛത്തിസ്ഗഢ്): ഒരേ വേദിയിൽ കാമുകിമാരായ രണ്ട് പെൺകുട്ടികൾക്ക് താലിചാർത്തി യുവാവ്. ഛത്തിസ്ഗഢിലെ ബസ്തർ ജില്ലയിലാണ് അപൂർവ വിവാഹം അരങ്ങേറിയത്.
കാമുകിമാരെ കൈവിടാൻ സാധിക്കില്ലെന്ന് കാണിച്ചാണ് യുവാവ് ഇരുവരെയും ഒരുമിച്ച് ജീവിതത്തിലേക്ക് കൂട്ടിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെ ജനുവരി അഞ്ചിനായിരുന്നു വിവാഹം. മതപരമായ ആചാരങ്ങളോടെ നടന്ന വിവാഹത്തിൽ 500ഓളം പേർ പങ്കെടുത്തു. 24കാരനായ ചന്തു മൗര്യയാണ് വൈറൽ വിവാഹ കഥയിലെ നായകൻ.
'രണ്ട് പേരും എന്നെ സ്നേഹിക്കുന്നു, അതിനാൽ ഇരുവരെയും വിവാഹം ചെയ്യാൻ തീരുമാനിച്ചു. അവരെ ഉപേക്ഷിക്കാൻ സാധിക്കില്ല. എക്കാലവും ഇരുവരും എന്നോടൊപ്പം ജീവിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്' -ചന്തു ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ടോക്പാൽ ഭാഗത്ത് ചന്തു വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ പോയ വേളയിലാണ് സംഭവങ്ങളുടെ തുടക്കം. അവിടെ വെച്ച് കണ്ടുമുട്ടിയ 21കാരിയായ സുന്ദരി കശ്യപുമായി ചന്തു പ്രണയത്തിലായി. ഫോണിലൂടെ ബന്ധം തുടർന്ന് പോന്ന ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഒരു വർഷത്തിന് ശേഷം സ്വന്തം ഗ്രാമമായ തിക്രലോംഗയിൽ വെച്ച് നടന്ന ഒരു വിവാഹ ചടങ്ങിനിടെ രണ്ടാമത്തെ നായികയായ 19കാരി രംഗപ്രവേശനം ചെയ്തു. ബന്ധുവിന്‍റെ വിവാഹവേദിയിൽ െവച്ചാണ് ചന്തു ഹസീനയെ കണ്ടുമുട്ടി പ്രണയത്തിലായത്.
പ്രണയം തുറന്നു പറഞ്ഞ ഹസീനയോട് സുന്ദരിയുടെ കാര്യം അറിയിച്ചെങ്കിലും അവർ പിൻമാറാൻ കൂട്ടാക്കിയില്ല. ഫോണിലൂടെ ബന്ധം തുടരാമെന്ന് ഹസീന ചന്തുവിനോട് പറഞ്ഞു. ചന്തുവിന്‍റെ കാമുകിമാർ രണ്ടുപേരും പരിചയത്തിലായതോടെ ഇരുവരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
ഒരുദിവസം ഹസീന ചന്തുവിന്‍റെ വീട്ടിലെത്തി താമസം തുടങ്ങിയതോടെ സുന്ദരിയും അങ്ങോട്ട് താമസം മാറി. പിന്നാലെ മൂവരും ചന്തുവിന്‍റെ വീട്ടിൽ കുടുംബമായി ഒരുമിച്ചായിരുന്നു താമസം. കുറച്ച് നാളുകൾക്ക് ശേഷം രണ്ട് പെൺകുട്ടികളുമായി ഒരുമിച്ച് താമസിക്കുന്നതിനെ ചൊല്ലി നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽ നിന്ന് മുറുമുറപ്പ് ഉയർന്നതോടെയാണ് വിവാഹം ചെയ്യാൻ തീരുമാനിച്ചത്.
ഹസീനയുെട ബന്ധുക്കൾ ചടങ്ങിനെത്തിയപ്പോൾ സുന്ദരിയുടെ ബന്ധുക്കൾ വിട്ടുനിന്നതായി ചന്തു പറഞ്ഞു. കുടുംബത്തിന് തങ്ങളുെട ബന്ധത്തിൽ താൽപര്യമില്ലെങ്കിലും കാര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷയെന്ന് സുന്ദരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.