ന്യൂഡൽഹി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഫാക്ടറി തൊഴിലാളികൾ 19 കാരനെ അടിച്ചു കൊന്നു. യുവാവിനെ നിരന്തരം ഇടിക്കുകയും ബെൽറ്റുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ഇസ്ഹാർ എന്ന യുവാവാണ് ക്രൂരമർദനത്തിന് ഇരയായി മരിച്ചത്. വടക്കൻ ഡൽഹിയിലെ സരായ് റോഹില്ലയിൽ ശനിയാഴ്ചയാണ് സംഭവം.
സംഭവത്തിൽ മുഖ്യപ്രതി ഗ്യാനിയെ (36) ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഇസ്ഹാറിന്റെ മുടിയും ഇയാൾ വെട്ടിമാറ്റിയിരുന്നു.
ഷഹ്‌സാദ ബാഗിലെ റോഡിൽ മൃതദേഹം കിടക്കുന്നുവെന്ന് സരായ് രോഹില്ല പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു.
മൃതദേഹത്തിൽ നിരവധി പരിക്കുകളുടെ പാടുകളുണ്ടായിരുന്നു. മുറിച്ചെടുത്ത മുടി മൃതദേഹത്തിന് ചുറ്റും ചിതറിക്കിടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ ഇസ്ഹാർ ഫാക്ടറിയിൽ പ്രവേശിച്ച് ഒരു മൊബൈൽ ഫോൺ മോഷ്ടിച്ചതായി കണ്ടെത്തി.
എന്നാൽ ഗ്യാനി ഇസ്ഹാറിനെ പിടികൂടി ഫാക്ടറിക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെ ഗ്യാനിയും മറ്റുള്ളവരും ഇസ്ഹാറിനെ മുഷ്ടി ചുരുട്ടി ഇടിക്കുകയും, പ്ലാസ്റ്റിക് പൈപ്പുകൾ, ബെൽറ്റുകൾ എന്നിവ ഉപയോഗിച്ച് മർദിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ, താനും മറ്റ് തൊഴിലാളികളും ചേർന്ന് ഇസ്ഹാറിനെ മർദിച്ചതായും അവനെ ഒരു പാഠം പഠിപ്പിക്കാൻ മുടി മുറിച്ചതായും ഗ്യാനി സമ്മതിച്ചു. മുടിമുറിക്കാനുപയോഗിച്ച കത്രിക ഫാക്ടറിയിൽ ഒളിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ കൊലപാതകം, തെളിവുകൾ നശിപ്പിക്കുക, തെറ്റായ വിവരങ്ങൾ നൽകുക തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. ഫാക്ടറി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ താമസ സ്ഥലത്തെ മോഷണം, അതിക്രമിച്ച് കടക്കൽ, സ്വത്ത് സത്യസന്ധതയില്ലാതെ കൈപ്പറ്റൽ എന്നീ വകുപ്പുകൾ പ്രകാരം ഇസ്ഹാറിനെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.