ഫോണ്‍ മാറ്റി വാങ്ങാനെത്തിയെങ്കിലും നല്‍കിയില്ല; തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

ന്യൂഡല്‍ഹി: ഒരു മാസം മുമ്പ് വാങ്ങിയ സ്മാര്‍ട് ഫോണ്‍ മാറ്റി വാങ്ങാനെത്തിയെങ്കിലും കടയുടമ സമ്മതിക്കാത്തതില്‍ മനംനൊന്ത് യുവാവ് സ്വയം തീകൊളുത്തി. പെട്രോളൊഴിച്ച് തീകൊളുത്തിയ ഇയാള്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡല്‍ഹി രോഹിണിയിലെ മാളിലാണ് സംഭവം. പ്രഹ്ലാദ്പൂര്‍ സ്വദേശിയായ ഭീം സിങ് എന്നയാളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തെ ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്‍വെര്‍ട്ടര്‍ മെക്കാനിക്കായ ഭീം സിങ് മാളിലെ ഒരു കടയില്‍നിന്ന് ഒരു മാസം മുമ്പാണ് മൊബൈല്‍ വാങ്ങിയത്. തന്റെ ബന്ധുവായ വിദ്യാര്‍ഥിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണ്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയുമായി ഭീം സിങ് കടയിലെത്തുകയും മാറ്റി നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍, കടയുടമ വിസമ്മതിച്ചതോടെ ഭീം സിങ് തന്റെ സ്‌കൂട്ടറില്‍നിന്ന് പെട്രോളെടുത്ത് ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഫോണ്‍ ചൂടാകുന്നതടക്കം പ്രശ്‌നമാണ് ഉണ്ടായിരുന്നതെന്ന് ഭീം സിങ്ങിന്റെ കുടുംബം പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.