ഹൈദരാബാദ്: സ്കൂട്ടർ ഓടിച്ച യുവാവിനെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നയാൾ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലെ ഫലക്നുമയിലെ ജഹനുമയിൽ ഞായറാഴ്ചയാണ് സംഭവം. ഓട്ടോ ഡ്രൈവറും പോക്സോ കേസ് പ്രതിയുമായ അബ്ദുൽ ഷാരൂഖ് (24) ആണ് കൊല്ലപ്പെട്ടത്. കൊല ചെയ്തയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഫലക്നുമ ഇൻസ്പെക്ടർ ആർ. ദേവേന്ദർ പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് 12.30ന് ഫലക്നുമയിലെ ജഹനുമ വാട്ടർ ടാങ്കിനടുത്തുള്ള തെരുവിലാണ് കൊലപാതകം നടന്നത്. സ്കൂട്ടർ ഓടിച്ച് വരികയായിരുന്ന ഷാരൂഖിനെ പിന്നിലിരുന്നയാൾ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ മാരകമായി മുറിവേറ്റ ഷാരൂഖ് സ്കൂട്ടറിൽ നിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏതാനും ദൂരം പിന്നിട്ടശേഷം നിലത്തുവീണ് രക്തം വാർന്ന് മരിച്ചു. ഷാരൂഖ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് കൊലപാതകി സംഭവസ്ഥലത്തുനിന്ന് പോയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്നാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. മുസ്തഫ നഗർ സ്വദേശിയായ ഷാരൂഖിനെതിരെ കഴിഞ്ഞവർഷം പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 17കാരിക്കൊപ്പം ഒളിച്ചോടിയതിനും പീഡിപ്പിച്ചതിനുമായിരുന്നു ഇത്.
കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയുടെ പിതാവോ സഹോദരനോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. മൈലർദേവപള്ളിയിലാണ് പെൺകുട്ടിയുടെ വീട്ടുകാർ താമസിക്കുന്നത്. അവിടെ ഷാരൂഖിനെ നയത്തിൽ വിളിച്ചുവരുത്തിയ ശേഷം കൊലപാതകി സ്കൂട്ടറിൽ കയറി വരികയും കൊല നടത്തുകയുമായിരുന്നു എന്ന് പൊലീസ് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.