മുംബൈ: തൈര് കഴിച്ചതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ കോടതി എട്ടു വർഷത്തെ തടവിന് ശിക്ഷിച്ചു. 2019 ലാണ് കേസിനാസ്പദമായ സംഭവം. മദ്യപാനിയായ സചിൻ എന്നയാളെയാണ് മുംബൈയിലെ സെഷൻസ് കോടതി ശിക്ഷിച്ചത്.
സംഭവ ദിവസം മദ്യ ലഹരിയിൽ വീട്ടിലെത്തിയ പ്രതി അമ്മ കൊടുത്തുവിട്ട തൈര് കഴിക്കുന്ന രഞ്ജനയെ കണ്ടു. പൂച്ച തൈര് കഴിച്ച പോലുണ്ടെന്നായിരുന്നു ഇത് കണ്ട സചിന്‍റെ കമന്‍റ്.
തന്നെ പൂച്ചയുമായി താരതമ്യം ചെയ്തത് എന്തിനാണെന്ന് രഞ്ജന ചോദിച്ചത് സചിന് ഇഷ്ടമായില്ല.
ഇരുവരും തമ്മിൽ വഴക്കായതോടെ സചിൻ രഞ്ജനയെ മർദ്ദിക്കാൻ തുടങ്ങി. കാരണം തിരക്കിയ യുവതിയെ സചിൻ മർദ്ദിച്ചുകൊണ്ടിരുന്നു. ശേഷം സമീപത്ത് കിടന്നിരുന്ന കത്തിയെടുത്ത് വയറിൽ കുത്തുകയായിരുന്നു.
യുവതി നിലവിളിച്ചതോടെ വീട്ടുടമസ്ഥന്റെ മരുമകൻ സ്ഥലത്തെത്തി യുവതിയെ രക്ഷിച്ചു. ആളുകൾ കൂടിയതോെട സചിൻ സ്ഥലം കാലിയാക്കി. സമീപത്ത് താമസിക്കുന്ന സഹോദരിയാണ് അവരെ ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റ രണ്ട് കുട്ടികളുടെ മാതാവായ രഞ്ജന ഒരുമാസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്. കൊലപാതകശ്രമത്തിന് പിന്നീട് അറസ്റ്റിലായ സചിനെ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
തൊഴിൽരഹിതനായ ഇയാൾ മദ്യപിച്ചെത്തി സ്ഥിരമായി ബഹളമുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി കോടതിയിൽ മൊഴി നൽകി. ജോധ്പൂരിലായിരുന്ന ഭാര്യയുടെ ശരീരത്തിലേക്ക് സ്റ്റീൽ റാക്ക് മറിഞ്ഞാണ് പരിക്കേറ്റതെന്ന് പ്രതി കോടതിയിൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
രഞ്ജന അനുഭവിച്ച പീഡനങ്ങൾ മുഖവിലക്കെടുക്കാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയെ ജയിലിലയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.