മൈസൂരു: കർണാടകയിൽ ഓട്ടോറിക്ഷ സ്ഫോടനം നടത്തിയെന്ന് കരുതുന്നയാളുടെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധന. പ്രതിയെന്ന് കരുതുന്ന ഷെരീഖ് സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാഥമികാന്വേഷണത്തിൽ ഇയാൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് മനസിലാകുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം വാടകക്കെടുത്ത ഒറ്റമുറിയിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. നഗരത്തിൽ മൊബൈൽ റിപ്പയറിങ് പരിശീലനത്തിന് പോവുകയാണെന്നാണ് ഇയാൾ വീട്ടുടമയോട് പറഞ്ഞത്. കോയമ്പത്തൂരിൽ നിന്ന് മറ്റൊരാളുടെ പേരിലെടുത്ത സിം കാർഡും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. സിം കാർഡ് പരിശോധിച്ചതിൽ നിന്ന് തമിഴ്നാട്ടിൽ ഇയാൾക്ക് ബന്ധങ്ങളുടെന്നും തമിഴ്നാട്ടിലുടനീളം സഞ്ചരിച്ചിട്ടുണ്ടെന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു.
സ്ഫോടനം നടത്താനുപയോഗിച്ച് പ്രഷർകുക്കർ ബോംബ് മൈസൂരുവിൽ നിർമിച്ചതാണെന്നും മൈസൂരുവിലും മധുരയിലുമുൾപ്പെടെ സ്ഫോടനത്തിനു ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
മംഗളൂരുവിൽ മതവികാരങ്ങൾ നില നിൽക്കുന്ന തീരപ്രദേശത്താണ് സ്ഫോടനം നടന്നത്. ഓട്ടോ യാത്രികനായിരുന്ന ഷെരീഖ് ലോ ഇന്റൻസിറ്റി ഇംപ്രൊവൈസ്ഡ് എക്സ്‍പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി)യുമായാണ് യാത്ര ചെയ്തിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഫോടന ശേഷം ബാറ്ററികൾ പിടിച്ചിച്ച കത്തിപ്പോയ പ്രഷർ കുക്കർ ഓട്ടോയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗുരുതര പരിക്കുകളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ തീവ്രവാദ പ്രവർത്തനമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഷെരീഖ് മൊഴിനൽകാൻ പറ്റിയ ആരോഗ്യാവസ്ഥയിലല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. പരിക്കേറ്റ ഓട്ടോ ഡ്രൈവറും ആശുപത്രിയിൽ ചികിത്സയിലാണ്.
ഷെരീഖിന്റെ കൈവശം വ്യാജ ആധാർ കാർഡുമുണ്ടായിരുന്നു. ഇയാൾക്ക് കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധമുണ്ടെന്ന നിരീക്ഷണം നിലവിൽ തള്ളിക്കളയുന്നില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.