ന്യൂഡൽഹി: തീവെപ്പ് തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർ നെറ്റ് നിരോധനം വീണ്ടും നീട്ടി. നിരോധനാജ്ഞ ജൂൺ 10 വരെ നീട്ടിയതായി സംസ്ഥാന ഹോം കമ്മീഷണർ എച്ച്. ഗ്യാൻ പ്രകാശ് പത്രകുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മണിപ്പൂരിലെ ചില ഭാഗങ്ങളിൽ തീവെപ്പ് നടന്നതായി ഡി.ജി.പി പറഞ്ഞിരുന്നു.
ഇതിനിടെ, മേയ് മൂന്നു മുതൽ മണിപ്പൂരിൽ തുടരുന്ന ഇൻറർനെറ്റ് വിലക്ക് നീക്കാൻ സുപ്രീംകോടതിയിൽ ഹരജി. മണിപ്പൂർ ഹൈകോടതി അഭിഭാഷകൻ ചോങ്താം വിക്ടർ സിങ്, വ്യവസായി മേയെങ്ബാം ജെയിംസ് എന്നിവരാണ് ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്.
അനുചിതമായ തോതിലുള്ള ഈ ഇന്റർനെറ്റ് വിലക്ക് ഭരണഘടനയുടെ 19(1) അനുച്ഛേദം അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും 19(1))(ജി) പ്രകാരം വ്യാപാരത്തിനും വ്യവസായത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഹരജിയിൽ ബോധിപ്പിച്ചു.
ഇന്റർനെറ്റ് വിലക്ക് വരുത്തിയ സാമ്പത്തിക, മാനുഷിക, സാമൂഹിക, മനഃശാസ്ത്ര പ്രത്യാഘാതങ്ങൾ ഇരുവരും ഹരജിയിൽ ചൂണ്ടിക്കാട്ടി. മക്കളെ സ്കൂളിലയക്കാനോ ബാങ്കുകളിൽ നിന്ന് പണം ലഭ്യമാക്കാനോ കക്ഷികളിൽനിന്ന് പണം സ്വീകരിക്കാനോ ശമ്പളം കൊടുക്കാനോ ഇ-മെയിലും വാട്സ്ആപ്പും വഴി ആശയവിനിമയം നടത്താനോ ഇതുമൂലം കഴിയുന്നില്ലെന്നും ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.