​'പൊലീസ് സ്ഥലത്തുണ്ടായിരുന്നു, സഹായിക്കാനെത്തിയില്ല'; മണിപ്പൂരിൽ ആൾക്കൂട്ടം നഗ്നരാക്കി നടത്തിച്ച സ്ത്രീകളുടെ പ്രതികരണം പുറത്ത്

ഇംഫാൽ: മണിപ്പൂരിൽ കുക്കി വനിതകളെ ആൾകൂട്ടം നഗ്നരായി നടത്തി ലൈംഗികാതിക്രമം നടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മെയ് നാലിന് നടന്ന സംഭവത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ആൾക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായ സ്ത്രീകളുടെ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. ദ വയറിനോടാണ് രണ്ട് സ്ത്രീകളും പ്രതികരണം നടത്തിയത്.

സംഭവം നടക്കുമ്പോൾ മണിപ്പൂർ പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും എന്നാൽ സഹായിക്കാനെത്തിയില്ലെന്നും അതിക്രമത്തിനിരയായ സ്ത്രീകളിലൊരാൾ പറഞ്ഞു. ഒരു തരത്തിലും സഹായിക്കാനായി ​പൊലീസ് മുന്നോട്ട് വന്നില്ല. നാല് പൊലീസുകാർ അവരുടെ കാറിൽ നിന്നും ഇറങ്ങാൻ പോലും തയാറായില്ലെന്ന് രണ്ടാമത്തെ സ്ത്രീയും വയറിനോട് വെളിപ്പെടുത്തി. മണിപ്പൂർ കലാപത്തിനിടെ ഇവരുടെ പിതാവും കൊല്ലപ്പെട്ടിരുന്നു.

മണിപ്പൂരിൽ കലാപം തുടങ്ങിയതിന് പിന്നാലെ മെയ് നാലിന് മെയ്തേയി വിഭാഗക്കാരുടെ സംഘം ഫിനോം ഗ്രാമത്തിലെത്തുന്നതിന് മുമ്പായി കുക്കി വിഭാഗത്തിലെ ഭൂരിപക്ഷം പേരും സ്ഥലം വിട്ടിരുന്നു. എന്നാൽ, വിഡിയോയിൽ കണ്ട രണ്ട് സ്ത്രീകളുടേയും കുടുംബാംഗങ്ങൾക്ക് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇവരെയാണ് മെയ്തേയി സംഘം പിടികൂടുകയും നഗ്നരാക്കി നടത്തിക്കുകയും ചെയ്തത്.

അതേസമയം, സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാൽ ജില്ലയി​ൽ നിന്നും അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. വിഡിയോയിൽ പച്ച ഷർട്ട് ധരിച്ച് നിൽക്കുന്നയാളാണ് പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്. സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതിക​ളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്ന ദൃശ്യം അതിക്രൂരമാണ്.

Tags:    
News Summary - 'Manipur Police Were Present, But Didn't Help Us': Women in Harrowing Video Tell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.