മുംബൈ: അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയൊ കാറിന്‍റെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട കേസും കേന്ദ്ര സർക്കാർ എൻ.െഎ.എക്ക് കൈമാറി. ഇതുവരെ മഹാരാഷ്ട്ര എ.ടി.എസാണ് അന്വേഷിച്ചത്. കൊലപാതക കേസിൽ 25 ഒാളം പേരെ ചോദ്യംചെയ്ത എ.ടി.എസ് പ്രഥമദൃഷട്യാ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം താണെ കോടതിയിൽ പറഞ്ഞിരുന്നു. സച്ചിൻ വാസെയെ കസ്റ്റഡിയിലെടുക്കാൻ എ.ടി.എസ് ശ്രമിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്. നിലവിൽ, സ്ഫോടക വസ്തുക്കളുമായി കാറ് കണ്ടെത്തിയ കേസിൽ സച്ചിൻ വാസെ എൻ.െഎ.എയുടെ കസ്റ്റഡിയിലാണ്.
നേരത്തെ ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടർന്ന് ഭീഷണികേസും, കൊലപാതക കേസും മഹാരാഷ്ട്ര സർക്കാർ എ.ടി.എസിന് കൈമാറിയിരുന്നു. എന്നാൽ, എ.ടി.എസ് കേസെറ്റെടുക്കും മുമ്പെ മഹാരാഷ്ട്ര സർക്കാറിനെ വകവെക്കാതെ കേന്ദ്രം ഭീഷണി കേസ് എൻ.െഎ.എക്ക് കൈമാറുകയായിരുന്നു. അംബാനിക്ക് ഭീഷണിയായി സ്ഫോടക വസ്തുക്കളുമായി സ്കോർപിയൊ കൊണ്ടിട്ട സംഭവത്തിൽ കൂട്ടുപ്രതിയൊ സാക്ഷിയൊ ആയിരുന്നു മൻസുഖ് എന്നാണ് സിഗമനം. മൻസുഖ് കേസും എൻ.െഎ.എക്ക് കൈമാറിയതോടെ മഹാരാഷ്ട്ര സർക്കാറിനുള്ള ഇരട്ടപ്രഹരമായി.
കേടുവന്നതിനെ തുടർന്ന് ഫെബ്രുവരി 17 ന് വിമധ്യേ നിറുത്തിയിട്ട സ്കോർപിയൊ കാണാതാവുകയായിരുന്നു എന്നാണ് മൻസുഖ് കൊല്ലപ്പെടുന്നതിന് മുമ്പ് മൊഴിനൽകിയത്. എന്നാൽ, കാണാതായ ദിവസം സ്കോർപിയൊയുടെ താക്കോൽ മൻസുഖ് നേരിട്ട് സച്ചിൻ വാസെയെ ഏൽപ്പിച്ചതാണെന്നാണ് കണ്ടെത്തൽ. സ്കോർപിയൊ കാണാതായെന്ന് വിക്രോളി പൊലിസിൽ മൻസുഖ് പരാതി നൽകിയതും പിന്നീട് പൊലിസും മാധ്യമപ്രവർത്തകരും കുറ്റവാളിയെപോലെ കണ്ട് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതും സച്ചിൻ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു. സ്ഫോടന വസ്തുക്കളും അംബാനിക്കുള്ള ഭീഷണികത്തുമായി സ്കോർപിയൊ കണ്ടെത്തിയ ശേഷം മൊഴിനൽകാൻ മൻസുഖ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അടുത്ത് എത്തിയതും സച്ചിനൊപ്പമായിരുന്നു.
ഭർത്താവിനെ സച്ചിൻ വാസെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് മൻസുഖിന്‍റെ ഭാര്യ നൽകിയ പരാതിയിലാണ് കൊലപാതക കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.