ഒഡിഷയില്‍ മാവോവാദികള്‍ അഞ്ച് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി

ഭുവനേശ്വര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒഡിഷയില്‍ മാവോവാദികള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള അഞ്ച് ഉദ്യോഗസ്ഥരെയും മുന്‍ ഗ്രാമമുഖ്യനെയും തട്ടിക്കൊണ്ടുപോയി. മാവോവാദികള്‍ക്ക് സ്വാധീനമുള്ള മല്‍കാന്‍ഗിരി ജില്ലയിലെ ചിത്രകോണ്ടയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഫെബ്രുവരി 13 മുതല്‍ 21 വരെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ജൂനിയര്‍ എന്‍ജിനീയര്‍ കമീനികാന്ത സിങ്, പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ലിംഗരാജ് മാജ്ഹി, പുരുഷോത്തം ബെഹ്റ, പ്രബിന്‍ സോറന്‍, ഋഷികേശ് നായക് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. മനോരഞ്ജന്‍ സിസ എന്ന മുന്‍ ഗ്രാമമുഖ്യനാണ് മറ്റൊരാള്‍.

ആന്ധ്രപ്രദേശ് അതിര്‍ത്തിയിലെ പന്‍സാപുത് ഗ്രാമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ചുമതല. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞ് 18ന് മടങ്ങാനിരിക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇവരെ കഴിഞ്ഞദിവസം വൈകുന്നേരം മുതല്‍ ഫോണില്‍ കിട്ടാതായെന്ന് ഒഡിഷ ആഭ്യന്തര സെക്രട്ടറി അശിത് ത്രിപാഠി പറഞ്ഞു. തട്ടിക്കൊണ്ടുപോയ കാര്യം ത്രിപാഠി സ്ഥിരീകരിച്ചിട്ടില്ളെങ്കിലും ഇവരെ കാണാനില്ളെന്ന് സമ്മതിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും വോട്ട് ചെയ്യരുതെന്നും സി.പി.ഐ (മാവോയിസ്റ്റ്) ഗ്രാമീണരോട് ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് ജനകീയ കോടതി വധശിക്ഷ നല്‍കുമെന്നറിയിച്ച് പോസ്റ്ററുകളും പതിച്ചിരുന്നു. വോട്ടുചെയ്യുന്നവരുടെ വിരല്‍ മുറിച്ചുമാറ്റുമെന്നായിരുന്നു മുന്നറിയിപ്പ്. ബ്ളോക്കുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാ വികസനപ്രവര്‍ത്തനങ്ങനങ്ങളും നിര്‍ത്തിവെക്കാനും മാവോവാദികള്‍ ആവശ്യപ്പെട്ടിരുന്നു.2012ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാവോവാദികള്‍ മാല്‍കാന്‍ഗിരിയില്‍ മത്സരിക്കുകയും ഭൂരിപക്ഷം സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കലിമേല ബ്ളോക്കില്‍ സ്വാധീനമുള്ള ചാസി മുലിയ ആദിവാസി സംഘ് എട്ട് പഞ്ചായത്ത് സമിതി അംഗങ്ങളെയാണ് എതിരില്ലാതെ വിജയിപ്പിച്ചത്. ഏതാനും മാസങ്ങള്‍ക്കുശേഷം മാവോവാദി വിഭാഗത്തിലെ 63 പഞ്ചായത്ത് അംഗങ്ങള്‍ രാജിവെക്കുകയും ചെയ്തു.

Tags:    
News Summary - maoist kidnapped five officials in odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.