ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന്‍െറ കാലത്തെ 2ജി അഴിമതി കേസുമായി ബന്ധപ്പെട്ട എയര്‍സെല്‍-മാക്സിസ് കേസില്‍ ഡി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. എയര്‍സെല്‍-മാക്സിസ് കരാറുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍നിന്ന് ഇരുവരെയും കുറ്റമുക്തമാക്കുകയാണെന്ന് പ്രത്യേക സി.ബി.ഐ ജഡ്ജി ഒ.പി. സൈനി ഉത്തരവില്‍ വ്യക്തമാക്കി.
അഴിമതിക്കേസും അനധികൃത പണമിടപാട് കേസുമാണ് ഇരുവര്‍ക്കുമെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ടെലികോം മന്ത്രിയായ സമയത്ത് ദയാനിധി മാരന്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസ്, എയര്‍സെല്ലിന് നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും അതേതുടര്‍ന്നാണ് താന്‍ കമ്പനി വിറ്റതെന്നും മാക്സിസ് സ്ഥാപകന്‍ ശിവശങ്കരന്‍ സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. ഇത് തെളിയിച്ചാലും മാരനെതിരായ കേസ് നിലനില്‍ക്കില്ളെന്ന നിലപാടാണ് സി.ബി.ഐ കോടതി കൈക്കൊണ്ടത്.
മാരന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ വൈരമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി സി.ബി.ഐയോടും കേന്ദ്രസര്‍ക്കാറിനോടും നേരത്തെ ചോദിച്ചിരുന്നു. കോടി രൂപയുടെ ഫോണ്‍ ബില്‍ അടക്കാനുണ്ടെന്ന പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യാന്‍ മുതിരുന്നതെന്തിനാണെന്ന് അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയോട് കോടതി ചോദിച്ചു. 2013ല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇത്രകാലം എന്തു ചെയ്യുകയായിരുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു.
അന്വേഷണത്തിന്‍െറ ഭാഗമായി ചോദ്യം ചെയ്യാനാണ് അറസ്റ്റെന്ന രോഹതഗിയുടെ വാദം അന്ന് സുപ്രീംകോടതി തള്ളി. ഒൗദ്യോഗിക ബംഗ്ളാവുകളില്‍ കാലാവധി കഴിഞ്ഞും ആളുകള്‍ താമസിക്കുന്നതിനെ അഴിമതിയെന്ന് നിങ്ങള്‍ വിളിക്കുമോയെന്നും അറ്റോണി ജനറലിനോട് കോടതി ചോദിച്ചു. ഒരു സാമ്പത്തിക കുറ്റകൃത്യത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കാതിരിക്കാന്‍ മുന്നോട്ടുവെക്കുന്ന കാരണങ്ങള്‍ വിശദമാക്കാനും സുപ്രീംകോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.