മുംബൈ: തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ടുള്ള മറാത്ത സമുദായക്കാരുടെ സമരം ഒത്തുതീർപ്പാക്കാൻ മഹാരാഷ്ട്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ പാളുന്നു. മറാത്തകളെ ഒ.ബി.സി വിഭാഗമായ കുൻഭികളിൽ ഉൾപെടുത്തി സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. ഹൈദരാബാദ് നിസാമുമാരുടെ ഭരണകാലത്തെ റവന്യു, വിദ്യാഭ്യാസ രേഖകൾ കൈവശമുള്ള മറാത്തകൾക്ക് ഒ.ബി.സി സാക്ഷ്യപത്രം നൽകുമെന്നാണ് ഉത്തരവ്. എന്നാൽ, കുൻഭി വിഭാഗത്തിൽ ഉൾപെടുത്തുന്നതിനെ സ്വാഗതം ചെയ്ത മറാത്ത നേതാവ് മനോജ് ജരാംഗെ പാട്ടീൽ സർക്കാർ മുന്നോട്ടുവെച്ച നിബന്ധന തള്ളി.
സംസ്ഥാന രൂപവത്കരണത്തിനു മുമ്പ് നിസാം ഭരണത്തിന്റെ ഭാഗമായിരുന്ന മഹാരാഷ്ട്രയിലെ മറാത്ത്വാഡയിലുള്ളവരുടെ കൈവശമേ അത്തരം രേഖകളുണ്ടാകാൻ സാധ്യതയുള്ളു. നിബന്ധന ഒഴിവാക്കണമെന്ന് ജൽനയിൽ ഉപവാസ സമരം നയിക്കുന്ന മനോജ് ജരാംഗെ പാട്ടീൽ ആവശ്യപ്പെട്ടു. നിബന്ധന നീക്കംചെയ്യുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി. ഇതോടെ, ചർച്ചക്കായി മറാത്ത നേതാക്കളെ സർക്കാർ മുംബൈയിലേക്ക് ക്ഷണിച്ചു. അതേസമയം, മറാത്തകളെ ഒ.ബി.സിയിൽ ഉൾപെടുത്തുന്നതിനെതിരെ ഒ.ബി.സി ജൻ മോർച്ച അധ്യക്ഷൻ പ്രകാശ് ഷെൻഡ്ജെ രംഗെത്തത്തി. സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന മുന്നറിയിപ്പും നൽകി. ഇതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന ജനസംഖ്യയിൽ 33 ശതമാനം വരുന്ന മറാത്തകളെയും മൊത്തമായി 52 ശതമാനം വരുന്ന ഒ.ബി.സിക്കാരെയും പിണക്കാനാകില്ല. പ്രതിപക്ഷമായ എം.വി.എ സഖ്യം സർക്കാറിനെതിരെ രംഗത്തുണ്ട്. മറാത്ത സംവരണത്തിന് തയ്യാറാണെങ്കിലും മൊത്ത സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന സുപ്രീംകോടതി ഉത്തരവാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയത്. ജൽനയിൽ ഉപവാസ സമരം നടത്തുന്നവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തത് സർക്കാറിനെ പ്രതികൂട്ടിലുമാക്കി. പൊലീസ് നടപടിയോടെയാണ് സമാധാനപരമായി നടന്നുവന്ന സമരം സംഘർഷമായി മാറിയത്. പൊലീസ് നടപടി ആഭ്യന്തരമന്ത്രിയുടെ ഓഫിസിൽനിന്നുള്ള ഉത്തരവിനെ തുടർന്നാണെന്ന അഭ്യൂഹം മറാത്തകളെ പ്രകോപിതരാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.