മുംബൈ: മകൾ സുപ്രിയ സുലെ, വിശ്വസ്തൻ പ്രഫുൽ പട്ടേൽ എന്നിവരെ പാർട്ടി വർക്കിങ് പ്രസിഡന്റുമാരായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ നിയമിച്ചതോടെ എല്ലാ കണ്ണുകളും അജിത് പവാറിൽ. പാർട്ടി പിളർത്തി അജിത് ബി.ജെ.പിക്കൊപ്പം പോകുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് പവാറിന്റെ നീക്കം. പവാറിന്റെ ജ്യേഷ്ഠപുത്രനാണ് അജിത്. അജിത്തല്ല സുപ്രിയയാണ് പാർട്ടിയിൽ തന്റെ പിൻഗാമി എന്ന സൂചനയാണ് പവാർ നൽകുന്നത്.
പാർട്ടിയിൽ രണ്ടാമനായാണ് അജിത്തിനെ ഇതുവരെ കണ്ടിരുന്നത്. അജിത്തിന്റെ സാന്നിധ്യത്തിലാണ് പവാറിന്റെ പ്രഖ്യാപനം. പ്രഖ്യാപനത്തെ കൈയടിച്ച് സ്വീകരിക്കുകയും ചുമതലയേറ്റവരെ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തെങ്കിലും അജിത് നിരാശനാണെന്ന് ശരീരഭാഷ വ്യക്തമാക്കുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാതെ പെട്ടെന്ന് സ്ഥലംവിടുകയും ചെയ്തു.
അതേസമയം, അജിത്തിനെ മാറ്റിനിർത്തിയിട്ടില്ലെന്നാണ് പവാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിന്റെ ചുമതല അജിത് വഹിക്കുന്നതായും പാർട്ടി തീരുമാനങ്ങളിൽ അജിത്തിനും പങ്കുണ്ടെന്നും പവാർ അവകാശപ്പെട്ടു.
ശിവസേനയിലെ വിമതനീക്കവുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീംകോടതി വിധി എതിരായാൽ ഏക്നാഥ് ഷിൻഡെ സർക്കാറിനെ മാറ്റി അജിത്തിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു ബി.ജെ.പിയുടെ നീക്കമെന്നായിരുന്നു സംസാരം. അധ്യക്ഷപദവിയിൽ നിന്നുള്ള പവാറിന്റെ രാജി‘നാടക’ത്തോടെയാണ് അഭ്യൂഹം കെട്ടടങ്ങിയത്. പാർട്ടി ഉന്നതാധികാര സമിതി രാജി തള്ളുകയായിരുന്നു.
പാർട്ടി നേതൃത്വത്തിൽ മാറ്റംവരുത്തുമെന്ന് അന്നേ പവാർ വ്യക്തമാക്കിയതാണ്. അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത് മുതൽ അജിത്തിനെ പാർട്ടി അവഗണിച്ചുതുടങ്ങിയിരുന്നു.
പാർട്ടി ദേശീയ കൺവെൻഷന് അജിത്തിനെ ക്ഷണിച്ചിരുന്നില്ല. 2019ൽ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം (എം.വി.എ) സർക്കാറുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ ബി.ജെ.പിക്കൊപ്പം പോയി അജിത് ഉപമുഖ്യമന്ത്രിയായിരുന്നു. എന്നാൽ, മൂന്നുദിവസത്തിനു ശേഷം തിരിച്ചെത്തിയ അജിത്തിനെ എം.വി.എ ഉപമുഖ്യമന്ത്രിയാക്കി. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം അജിത് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഉദ്ധവ് താക്കറെയെ മുന്നിൽനിർത്തി എം.വി.എയെ മുന്നോട്ട് നയിക്കുന്ന പവാറിന്റെ തന്ത്രത്തിൽ അജിത്തിന് താൽപര്യമില്ല.
അജിത് പവാറിനെ ഒതുക്കിയ പവാർ, വിശ്വസ്തനായ പ്രഫുൽ പട്ടേലിനും വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകിയിട്ടുണ്ട്. തൽക്കാലം അതൊരു സമീകരണ നടപടിയാണെങ്കിലും പാർട്ടി സുപ്രിയ സുലെയുടെ നിയന്ത്രണത്തിലേക്ക് വരുന്ന വിധമാണ് സ്ഥാനാർഥി നിർണയച്ചുമതല അടക്കം കൈമാറിയത്. പാർട്ടിയുടെ തട്ടകമായ മഹാരാഷ്ട്രയുടെ പാർട്ടി ചുമതലയും സുപ്രിയക്കു തന്നെ.
രണ്ട് വർക്കിങ് പ്രസിഡന്റുമാരെ വെച്ചത് ലോക്സഭ തെരഞ്ഞെടുപ്പും മറ്റും മുന്നിൽക്കണ്ടുള്ള പ്രവർത്തന ക്രമീകരണമാണെന്ന സൂചന ശരത് പവാർ നൽകി. രാജ്യത്തെ മൊത്തം പാർട്ടിക്കാര്യങ്ങൾ നോക്കിനടത്താൻ മതിയായ നേതാക്കൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്തതെന്ന് പവാർ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും ചുമതല ഒരാളെ മാത്രമായി ഏൽപിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.