ന്യൂഡൽഹി: ഭക്ഷ്യസാധനങ്ങൾ ഇനി കർഷകനിൽനിന്ന് ഇഷ്ടം പോലെ വാങ്ങാം, സ്റ്റോക്ക് ചെയ്യാം; സംസ്കരിച്ചു വിൽക്കാം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്ന അവശ്യസാധന നിയമത്തിെൻറ പട്ടികയിൽനിന്ന് ധാന്യങ്ങൾ, പയറു വർഗങ്ങൾ, സവാള, ഉരുളക്കിഴങ്ങ്, ഭക്ഷ്യഎണ്ണ, എണ്ണക്കുരു എന്നിവയെ കേന്ദ്രസർക്കാർ ഒഴിവാക്കും.
കോവിഡ് പ്രതിസന്ധി മൂലമുള്ള വിലത്തകർച്ചയിൽനിന്ന് കർഷകരെ രക്ഷിക്കാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തി. കർഷകന് സംസ്ഥാനത്തിനകത്തോ പുറത്തോ ഇഷ്ടമുള്ളവർക്ക് വിൽക്കാം. അവ സംസ്കരിച്ചു വിപണനം ചെയ്യുന്നവർക്ക് പരിധിയില്ലാതെ സംഭരിച്ച് കൈവശം സൂക്ഷിക്കാം. ഇ- ട്രേഡിങ് നടത്താം.
കർഷകർക്ക് മെച്ചപ്പെട്ട വില കിട്ടുകയാണോ, ഭക്ഷ്യസാധനങ്ങളുടെ വിലയും വിപണി നിയന്ത്രണവും കുത്തക വ്യവസായികളുടെ കൈകളിലേക്ക് പോവുകയാണോ സംഭവിക്കുന്നതെന്ന സംശയം ഉയർത്തുന്നതാണ് കേന്ദ്ര തീരുമാനം. കർഷകനിൽനിന്ന് ചുളുവിലക്ക് വാങ്ങി സൂക്ഷിക്കാൻ കെൽപുള്ളവർ വിപണിയിൽ വാഴും.
65 വർഷമായി നിലവിലുള്ള അവശ്യസാധന നിയമ പ്രകാരം ഭക്ഷ്യസാധനങ്ങൾ അടക്കം വിവിധ ഉൽപന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും ഉയർന്ന വിലക്കു വിൽക്കുന്നതിനും വിലക്കുണ്ട്. സർക്കാറിന് പരമാവധി വിൽപന വില നിശ്ചയിക്കാം. എന്നാൽ, ദേശീയ ദുരന്തം, പഞ്ഞം തുടങ്ങി അസാധാരണ സാഹചര്യങ്ങളിൽമാത്രം ഇനി സ്റ്റോക്കിന് നിയന്ത്രണം ഏർപ്പെടുത്തും.
കർഷകർക്ക് വിപണനത്തിന് കൂടുതൽ സാധ്യതകൾ നൽകുന്നതാണ് കാർഷികോൽപന്ന വിപണന പരിഷ്കാരമെന്ന് ധനമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനാണ് ഈ ഉൽപന്നങ്ങെള അവശ്യ വസ്തുക്കളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത്. കർഷകർക്ക് സംരംഭകർ, ചില്ലറ വിൽപനക്കാർ, കയറ്റുമതിക്കാർ എന്നിവരുമായുള്ള ഇടപെടലുകൾ സുതാര്യമാക്കാൻ നിയമം കൊണ്ടുവരും. വില ഉറപ്പാക്കൽ, നഷ്ടസാധ്യത കുറക്കൽ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.