ന്യൂഡൽഹി: മഥുര, കാശി എന്നിവിടങ്ങളിൽ തർക്കത്തിെൻറ പുതിയ പാത തുറക്കാനുദ്ദേശിച്ച് ഹിന്ദുത്വ സംഘടന രംഗത്ത്. 1991ൽ പാസാക്കിയ ആരാധനാലയ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മഥുരയും കാശിയും വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. രണ്ടിടത്തും ക്ഷേത്രത്തോട് ചേർന്ന് പള്ളിയുമുണ്ട്.
1947 ആഗസ്റ്റ് 15ന് ക്ഷേത്രങ്ങളായിരുന്നവ മുസ്ലിം പള്ളികളാക്കുന്നതും പള്ളികൾ ക്ഷേത്രങ്ങളാക്കുന്നതും വിലക്കിയുള്ള 1991ലെ ആരാധനാലയ നിയമത്തിെല നാലാം വകുപ്പ് ഒഴിവാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ബാബരി മസ്ജിദ് തകർക്കപ്പെടുകയും രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വരികയും ചെയ്തതിന് പിന്നാലെ കാശി, മഥുര എന്നിവിടങ്ങളിൽ ഹിന്ദുത്വ വിഭാഗം അവകാശമുന്നയിച്ച മുസ്ലിം പള്ളികൾ ലക്ഷ്യമിട്ടാണ് സംഘടനയുടെ നീക്കം.
ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനും പകരം പള്ളിക്ക് അഞ്ചേക്കർ സ്ഥലം നൽകാനും കഴിഞ്ഞ നവംബർ ഒമ്പതിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 1991ലെ നിയമം രാജ്യത്തിെൻറ മതേതര സവിശേഷതകൾ സംരക്ഷിക്കാനാണെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധവും നിയമ അധികാരത്തിന് പുറത്താണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് പൊതുതാൽപര്യ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.