ന്യൂഡല്‍ഹി: ബി.ജെ.പിക്ക് ധൈര്യമുണ്ടെങ്കില്‍ ഉത്തര്‍പ്രദേശിൽ ബാലറ്റു പേപ്പറിലൂടെ വീണ്ടും വോട്ടിങ് നടത്താന്‍ രാജ്യസഭയില്‍ മായാവതിയുടെ വെല്ലുവിളി. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ നിരോധിക്കാൻ നിയമനിർമാണം വേണമെന്നും മായാവതി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ ജനങ്ങളുടെ വിധിയെഴുത്തല്ല, വോട്ടുയന്ത്രങ്ങളുടെ വിധിയെഴുത്താണ്. ഈ വിഷയത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച വേണം. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് വോട്ടുയന്ത്രങ്ങളുടെ ആധികാരികത ബി.ജെ.പി ചോദ്യംചെയ്തിരുന്നു. വോട്ടുയന്ത്രങ്ങൾ ഉപയോഗിച്ച് സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പു നടത്താനാകില്ലെന്ന് ബി.ജെ.പി അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ വോട്ടുയന്ത്രങ്ങളെ ന്യായീകരിക്കുകയാണ്.
ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലെല്ലാംതന്നെ ഇപ്പോള്‍ പേപ്പര്‍ ബാലറ്റിലൂടെയാണു വോട്ടിങ് നടത്തുന്നത്. ജനങ്ങള്‍ ബി.എസ്.പിക്ക് ചെയ്ത വോട്ടും ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് പോയത്. താൻ കേസിന് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, മായാവതിയുടെ നോട്ടീസ് ചൊവ്വാഴ്ച പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് തെരഞ്ഞെടുപ്പു പരിഷ്കരണം സംബന്ധിച്ച ഹ്രസ്വ ചര്‍ച്ച ബുധനാഴ്ചയുണ്ടെന്നും അതിലുന്നയിക്കാമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.