യൂസഫ് പത്താൻ ഭൂമികൈയേറിയെന്ന് ആരോപിച്ച് നോട്ടീസ് നൽകി ബി.ജെ.പി ഭരിക്കുന്ന കോർപറേഷൻ

വഡോദര: തൃണമൂൽ കോൺഗ്രസ് എം.പിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ ഭൂമി കൈയേറിയെന്ന് ആരോപിച്ച് നോട്ടീസ് നൽകി വഡോദര മുൻസിപ്പൽ കോർപ്പറേഷൻ. ജൂൺ ആറാം തീയതിയാണ് വഡോദര മുൻസിപ്പൽ കോർപറേഷൻ യൂസഫ് പത്താന് നോട്ടീസ് നൽകിയത്. ജൂൺ 13നാണ് മുൻസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ശീതൾ മിസ്ത്രി നോട്ടീസ് നൽകിയ വിവരം അറിയിച്ചത്. ബി.ജെ.പി മുൻ കൗൺസിലർ വിജയ് പവാറിന്റെ വെളിപ്പെടുത്തലോടെയാണ് ശീതൾ മിസ്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്.

2012ൽ മുൻസിപ്പൽ കോർപ്പറേഷൻ ഭൂമി യൂസഫ് പത്താന് വിൽക്കാനുള്ള ശിപാർശ സംസ്ഥാന സർക്കാർ നിരാകരിച്ചതാണ്. എന്നാൽ, ഈ ഭൂമി ചുറ്റുമതിൽ കെട്ടി യൂസഫ് പത്താൻ സ്വന്തമാക്കുകയായിരുന്നുവെന്നാണ് കോർപ്പറേഷൻ ആരോപണം. യൂസഫ് പത്താന്റെ വീടിനടുത്തുളള സ്ഥലം അദ്ദേഹത്തിന് വിൽക്കാൻ കോർപ്പറേഷൻ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായിരുന്നു. സ്വകയർ മീറ്ററിൽ 57,000 രൂപയാണ് യൂസഫ് പത്താൻ ഭൂമിക്ക് വില പറഞ്ഞത്. എന്നാൽ, സംസ്ഥാന സർക്കാർ കോർപറേഷൻ ശിപാർശ തള്ളുകയായിരുന്നുവെന്ന് വിജയ് പവാർ വെളിപ്പെടുത്തി.

ശിപാർശ നിരസിച്ചുവെങ്കിലും സ്ഥലത്തിൽ വേലി കെട്ടാനോ മറ്റ് പ്രവർത്തനങ്ങൾക്കോ കോർപറേഷൻ മുതിർന്നില്ല. ഇതിനിടെ യൂസഫ് പത്താൻ സ്ഥലം കൈയേറി മതിൽകെട്ടിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമായിരുന്നു പവാറിന്റെ ആവശ്യം.

തുടർന്ന് കോർപറേഷൻ യൂസഫ് പത്താന് നോട്ടീസ് നൽകുകയായിരുന്നു. സ്ഥലത്തെ ചുറ്റുമതിൽ ​പൊളിച്ചുനീക്കി കൈയേറ്റം ഉടൻ ഒഴിയണമെന്നാണ് യൂസഫ് പത്താന് നൽകിയിരിക്കുന്ന നോട്ടീസിൽ പറയുന്നത്. കുറച്ച് ദിവസം കൂടി കാത്തിരിക്കുമെന്നും എന്നിട്ടും കൈയേറ്റം ​പൊളിച്ചില്ലെങ്കിൽ തുടർ നടപടികളുണ്ടാവുമെന്നാണ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്.

Tags:    
News Summary - MC MP Yusuf Pathan gets notice for ‘encroachment’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.