ഹൈദരാബാദ്: ഹരിയാനയിലെ അതിർത്തിപട്ടണമായ ഗുഡ്ഗാവിൽ എല്ലാ ചൊവ്വാഴ്ചകളിലും മാംസ വിൽപ്പനശാലകൾ അടച്ചിടാൻ തീരുമാനിച്ചതിനെതിരെ ഹൈദരാബാദ് ലോക്സഭ എം.പിയും എം.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി. ലക്ഷക്കണക്കിന് പേർക്ക് മാംസം ഭക്ഷണമാണെന്നും അതിനെ അശുദ്ധമായി കണക്കാക്കാൻ കഴിയില്ലെന്നും ഉവൈസി ട്വീറ്റ് ചെയ്തു.
'അവർ തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ വിശ്വാസങ്ങളെ ലംഘിക്കുന്നതെങ്ങനെയാണ്? ജനങ്ങൾ മാംസം വാങ്ങുകയും വിൽക്കുകയും തിന്നുകയും ചെയ്യുന്നു. അവർ നിങ്ങളെ അതിനായി നിർബന്ധിക്കുന്നില്ല. ഈ ലോജിക്ക് പ്രകാരം, എല്ലാ വെള്ളിയാഴ്ചകളിലും മദ്യശാലകൾ അടച്ചിടണ്ടേ? മാംസം ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഭക്ഷണമാണ്. അതിനെ ഒരിക്കലും അശുദ്ധിയായി കണക്കാക്കാൻ സാധിക്കില്ല' -ഉവൈസി ട്വീറ്റ് ചെയ്തു.
എല്ലാ ചൊവ്വാഴ്ചകളിലും മാംസ വിൽപ്പന ശാലകൾ അടച്ചിടാൻ വ്യാഴാഴ്ച ചേർന്ന കോർപറേഷൻ യോഗത്തിലാണ് തീരുമാനിച്ചത്.
മതവികാരം പരിഗണിച്ച് ചൊവ്വാഴ്ച ചില കൗൺസർമാർ മാംസശാലകൾ അടച്ചിടമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇതിനെ മേയർ പിന്തുണക്കുകയും ചെയ്തു. പുതുതായി മാംസ വിൽപ്പന ശാലകൾ ആരംഭിക്കുന്നതിന് ലൈസൻസ് ഫീസ് 5000ത്തിൽനിന്ന് 10,000 ആയി ഉയർത്തുകയും ചെയ്തു. അനധികൃത മാംസ വിൽപ്പന ശാലകൾക്ക് ചുമത്തിയിരുന്ന പിഴ 500ൽനിന്ന് 5000 ആയി കുത്തനെ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.