ബംഗളൂരു: കർണാടകയിലെ മൂന്ന് മെഡിക്കൽ കോളജുകളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പിെൻറ ഉത്തരവ്.
ബംഗളൂരു ദേവനഹള്ളിയിലെ ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച്, ബംഗളൂരു ബി.ഇ.എം.എൽ നഗറിലെ സംഭ്രാം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച്, മംഗളൂരുവിലെ കെ.ജി.എഫ് ആൻഡ് കനച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയത്.
അംഗീകാരം പുതുക്കുന്നതുവരെ ഇൗ മെഡിക്കൽ കോളജുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത് തടഞ്ഞ സർക്കാർ, ഇവയുടെ ബാങ്ക് ഗാരൻറിയായ രണ്ടുകോടി രൂപവീതം മടക്കി നൽകാൻ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയോട് നിർദേശിച്ചു. എന്നാൽ, നിലവിൽ പഠനം തുടരുന്ന വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാം.
പ്രവേശന നടപടികളിൽ മാനദണ്ഡം പാലിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് ആൻഡ് റഗുലേഷൻസ് പ്രകാരമാണ് നടപടി.
2017-18, 2018-19 അക്കാദമിക് വർഷങ്ങളിൽ ഇൗ മെഡിക്കൽ കോളജുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകരുതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡി.വി.കെ. റാവു അയച്ച ഉത്തരവിൽ നിർദേശിച്ചു. കഴിഞ്ഞവർഷം 150 വീതം സീറ്റുകളുമായി ഉപാധികളോടെയാണ് മൂന്ന് മെഡിക്കൽ കോളജുകൾക്കും അനുമതി നൽകിയത്.
എന്നാൽ, മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി മെഡിക്കൽ കൗൺസിലിെൻറ പരിശോധനയിൽ വ്യക്തമായതിനെ തുടർന്ന് സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയായിരുന്നു. നടപടി സംബന്ധിച്ച് സ്ഥാപനങ്ങളുടെ അധികൃതർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.