ശ്രീനഗർ: ഫലസ്തീനിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ കശ്മീരിൽ നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനെ വിമർശിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഫലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നത് ഒരു കുറ്റമല്ലെന്ന് അവർ പറഞ്ഞു.
താഴ്വരയിലെ ജനങ്ങളുടെ ചിന്തകളടക്കം നിരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ശിക്ഷിക്കുകയും ചെയ്യുകയാണെന്നും കശ്മീർ തുറന്ന തടവറയായി മാറിയിരിക്കുകയാണെന്നും മെഹ്ബൂബ പറഞ്ഞു.
പെരുന്നാൾ പ്രഭാഷണത്തിനിടെ ഫലസ്തീൻ ജനതക്കുവേണ്ടി പ്രാർഥിക്കുകയും അവരുടെ പോരാട്ടത്തിന് െഎക്യപ്പെടുകയും ചെയ്ത മതപ്രബോധകനായ സർജൻ ബർകതിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ അവർ അപലപിച്ചു.
'ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ അതിക്രമങ്ങളിൽ ലോകം മൊത്തം പ്രതിഷേധിക്കുന്നു. എന്നാൽ കശ്മീരിൽ ഇത് ശിക്ഷാർഹമായ കുറ്റമാണ്. ഇവിടെ ഒരു കലാകാരനെതിരെ പൊതു സുരക്ഷ നിയമം ചുമത്തി കേസ് എടുക്കുകയും ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മതപ്രബോധകനെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു' -മഹ്ബൂബ ട്വീറ്റ് ചെയ്തു.
ആറ് മിനിറ്റ് നീണ്ട പ്രസംഗത്തിൽ ബർകതി ഫലസ്തീനിലെ സ്ഥിതിഗതികളെ കുറിച്ച് സംസാരിക്കുകയും അവരുടെ ധൈര്യത്തെ പ്രശംസിക്കുകയും വിജയത്തിനായി പ്രാർഥിക്കുകയും ചെയ്തിരുന്നു.
ഫലസ്തീന് വേണ്ടി സംസാരിച്ചതിന് ബർകതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനോട് അന്വേഷിച്ച മാധ്യമപ്രവർത്തകന്, 'ഇതെല്ലാം അറിയുന്ന നിങ്ങൾ പിന്നെയും ഞങ്ങളോട് എന്തിനാണ് ചോദിക്കുന്നത്' എന്ന മറുപടിയാണ് ലഭിച്ചത്. ഫലസ്തീനിനെ അനുകൂലിച്ച് ധാരാളം ആളുകൾ സംസാരിക്കുന്നുണ്ടെന്നും അവരിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ ഒൗട്ട്‌ലുക്കിനോട് പറഞ്ഞു. എന്തുകൊണ്ടാണ് ബർകതിയെ മാത്രം അറസ്റ്റ് ചെയ്തതെന്ന് വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
നാല് വർഷത്തോളം പൊലീസ് കസ്റ്റഡിയിലായിരുന്ന ബർകതി കഴിഞ്ഞ ഒക്ടോബറിലാണ് ജയിൽ മോചിതനായത്. സർക്കാർ വിരുദ്ധ റാലികൾ സംഘടിപ്പിച്ചെന്ന് ആരോപിച്ച് 2016ൽ ഇയാളെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏതാനും ദിവസങ്ങളായി ഫലസ്തീന് അനുകൂലമായ ധാരാളം പോസ്റ്റുകൾ കശ്മീരിലെ ജനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഇതിനെതിരെയും പൊലീസ് രംഗത്തു വന്നിട്ടുണ്ട്. ഫലസ്തീനിലെ പോരാട്ടം ചൂണ്ടിക്കാട്ടി കശ്മീരിലെ സമാധാനം തകർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും അവർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്നും കശ്മീർ സോൺ പൊലീസ് ട്വീറ്ററിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.