ബന്ദിപോറ: ജമ്മു കശ്മീരിലെ ബന്ദിപോറയിൽ അന്തർ സംസ്ഥാന തൊഴിലാളി ഭീകരരുടെ വെടിയേറ്റ് മരിച്ചു. ബിഹാർ മധേപുര സ്വദേശിയും മുഹമ്മദ് ജലീലിന്റെ മകനുമായ മുഹമ്മദ് അംറേസ് ആണ് കൊല്ലപ്പെട്ടത്. ബന്ദിപോറയിലെ സോദ്നാര സബലിലാണ് സംഭവം.
രാത്രിയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ അംറേസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കശ്മീർ സോൺ പൊലീസ് ആണ് ആക്രമണ വിവരം പുറത്തുവിട്ടത്.
വ്യാഴാഴ്ച ജമ്മു-കശ്മീരിലെ രജൗരി ജില്ലയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ നാല് സൈനികർ മരിച്ചിരുന്നു. നാലു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനിടെ ആക്രമണത്തിനെത്തിയ രണ്ടു ഭീകരരെയും സൈന്യം വധിച്ചു.
വ്യാഴാഴ്ച പുലർച്ച രണ്ടു മണിയോടെയായിരുന്നു സംഭവം. ഗ്രനേഡ് എറിഞ്ഞ് പർഗലിലെ സൈനിക ക്യാമ്പിലേക്ക് കടക്കാനായിരുന്നു ഭീകരർ ശ്രമിച്ചത്. എന്നാൽ, കാവൽനിന്ന സൈനികർ തിരിച്ചടിച്ചു.
ഏറ്റുമുട്ടലിനിടെ ആറു സൈനികർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ നാലു പേരാണ് മരിച്ചത്. കൊല്ലപ്പെട്ട ഭീകരർ നിരോധിത സംഘടനയായ ജയ്ശെ മുഹമ്മദ് അംഗങ്ങളാണെന്ന് സംശയിക്കുന്നതായി ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു.
2019ൽ തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.