ഭോപ്പാൽ: ലോക്ഡൗണിൽ കുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതം തീരുന്നില്ല. പ്രത്യേക ട്രെയിൻ സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ദുരിതം തീർക്കാൻ അതൊന്നും പര്യാപ്തമല്ല. നാട്ടിലേക്ക് മടങ്ങാനുള്ള വ്യഗ്രതയിൽ ഒറ്റക്കും കൂട്ടവുമായി പലരും നടന്നുതീർത്തത് ആയിരത്തിലധികം കിലോമീറ്ററുകളാണ്. ഇവരിൽ ഗർഭിണികളും കുട്ടികളും രോഗികളും വയോധികരുമെല്ലാമുണ്ട്. ഇതിനിടയിൽ മരിച്ചുവീണവർ നിരവധി. കാൽനട യാത്രക്കിടെ വഴിയോരങ്ങളിൽ പ്രസവം വരെ നടക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മധ്യപ്രദേശിൽനിന്ന് മഹാരാഷ്ട്രയിലെ വീട്ടിലേക്ക് നടന്നുപോയ കുടിയേറ്റ തൊഴിലാളി വഴിമധ്യേ പാതയോരത്ത് പ്രസവിച്ചതാണ് അവസാനത്തെ സംഭവം. കുടുംബാംഗങ്ങളോടൊപ്പം നാസിക്കിൽനിന്ന് സ്വന്തം ഗ്രാമമായ സത്നയിലേക്കായിരുന്നു ഇവരുടെ യാത്ര. പ്രസവ ശേഷം രണ്ട് മണിക്കൂർ മാത്രം വിശ്രമിച്ച ഇവർ വീണ്ടും 150 കിലോമീറ്റർ ദൂരം കാൽനടയായി യാത്ര തുടർന്നതായി ഭർത്താവ് പറഞ്ഞു.
മധ്യപ്രദേശ് അതിർത്തിയിൽനിന്ന് ഇവരെ പ്രത്യേക ബസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കി. മാതാവും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് സത്ന ഉൻചേഹറയിലെ മെഡിക്കൽ ഓഫിസർ അറിയിച്ചു.
കഴിഞ്ഞദിവസം ഉത്തർപ്രദേശിൽനിന്ന് മധ്യപ്രദേശിലേക്കുള്ള യാത്രക്കിടെ 28കാരി കുഞ്ഞിന് ജന്മം നൽകിയിരുന്നു. 500 കിലോമീറ്റർ ദൂരമാണ് അവർ പ്രസവത്തിന് മുമ്പായി നടന്നത്. വഴിയരികിലെ മരത്തിന് താഴെയാണ് ഇവർ പ്രസവിച്ചത്. വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.