കൂനൂർ (തമിഴ്നാട്): ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേർക്ക് ദാരുണാന്ത്യം. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ ലിദ്ദർ, ലഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്നായിക് വിവേക് കുമാർ, ലാൻസ്നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് മരിച്ച മറ്റുള്ളവർ.
അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് പരിക്കുകളോടെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭൗതിക ശരീരം നാളെ വൈകിട്ടോടെ വിമാനമാർഗം ഡൽഹിയിൽ എത്തിക്കുമെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
2020 ജനുവരി ഒന്നിനാണ് കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളുടെ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് നിയമിതനാകുന്നത്. രണ്ടാമത്തെ തവണയാണ് ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്. 2015 ഫെബ്രുവരി മൂന്നിന് നാഗലാൻഡിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് റാവത്ത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. റാവത്ത് സഞ്ചരിച്ച ചീറ്റ ഹെലികോപ്ടർ എൻജിൻ തകരാറിനെ തുടർന്ന് തകർന്നു വീഴുകയായിരുന്നു
ഉച്ചക്ക് 12.20ന് കോയമ്പത്തൂരിലെ സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വെല്ലിങ്ടൺ കന്‍റോൺമെന്‍റിലെ ഡിഫൻസ് സർവീസസ് കോളജിലേക്ക് പോകവെയായിരുന്നു അപകടം. കൂനൂരിലെ നഞ്ചപ്പ ചത്രത്തിനും കട്ടേരി ഫാമിനും സമീപത്തായിരുന്നു സംഭവം. വ്യോമസനേയുടെ നൂതന എം.ഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടങ്ങുന്ന ഒമ്പതംഗ സംഘം ഇന്ന് രാവിലെയാണ് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്. ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച കേഡറ്റ് ഇന്‍ററാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായിരുന്നു യാത്ര. ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 11.40നാണ് ബിപിൻ റാവത്തും സംഘവും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്.
12.10ന് വെല്ലിങ്ടൺ കന്‍റോൺമെന്‍റിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് കാരണം ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചില്ല. തുടർന്ന് ഹെലികോപ്റ്റർ സുലൂർ വ്യോമകേന്ദ്രത്തിലേക്ക് മടങ്ങി. 10 കിലോമീറ്റർ പിന്നിട്ടതോടെ ഏകദേശം 12.20ന് കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കോപ്റ്ററിന്‍റെ ചിറക് മരത്തിൽ ഇടിച്ച് തകർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് വ്യോമസേന വിശദ അന്വേഷണത്തിന് ഉത്തരവിട്ടു. ഡൽഹിയിൽ ചേർന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികൾ വിലയിരുത്തി. അപകടം വിവരം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ അറിയിച്ചു.
കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർ സംഭവസ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.