ന്യൂഡൽഹി: 19ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അരുണാചൽ പ്രദേശിലെ മൂന്ന് കായിക താരങ്ങൾക്ക് ചൈന വിസയും അക്രഡിറ്റേഷനും നിഷേധിച്ചു. തുടർന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ചൈന സന്ദർശനം റദ്ദാക്കി. അരുണാചൽ പ്രദേശ് തങ്ങളുടെ പ്രദേശമാണെന്ന അവകാശവാദമുയർത്തിയാണ് ചൈന വിസ നിഷേധിച്ചത്. ഇതോടെ ഇന്ത്യ പ്രതിഷേധമറിയിക്കുകയായിരുന്നു.
''ചൈനയിലെ ഹാങ്‌ഷൂവിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിലേക്കുള്ള അക്രഡിറ്റേഷനും വിസയും നിഷേധിച്ച് അരുണാചൽ പ്രദേശിൽ നിന്നുള്ള ചില ഇന്ത്യൻ കായികതാരങ്ങളോട് ചൈനീസ് അധികൃതർ വിവേചനം കാണിച്ചതായി മനസിലാവുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്''-വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ചൈനയുടെ മനഃപൂർവമായ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
ദക്ഷിണ തിബറ്റ് എന്ന് വിളിക്കുന്ന അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം ചൈനീസ് സർക്കാർ വടക്ക്-കിഴക്കൻ സംസ്ഥാനവും കിഴക്കൻ ലഡാക്കിലെ അക്സായി ചിൻ മേഖലയും അതിന്റെ അതിർത്തിക്കുള്ളിൽ ഉൾപ്പെടുത്തി ഒരു പുതിയ മാപ്പ് പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.