ന്യൂഡൽഹി: മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളെയും അക്കാദമിക് സമൂഹത്തെയും സ്വാധീനിക്കാനുള്ള പുതിയ തന്ത്രത്തിന് രൂപംനൽകാൻ കേന്ദ്ര സർക്കാറിെൻറ മന്ത്രിതല സമിതി. 'സർക്കാറിനെ പിന്തുണക്കുന്നവരോ നിഷ്പക്ഷരോ' ആയ മാധ്യമപ്രവർത്തകരിൽ ജോലി നഷ്ടമായവരെ കണ്ടെത്താനും അവരുെട സേവനം വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കാനുമുള്ള നിർദേശമടക്കം നിരവധി ശിപാർശകൾ ഒമ്പതു കേന്ദ്ര മന്ത്രിമാർ അടങ്ങുന്ന മന്ത്രിതല സമിതി മുന്നോട്ടുവെച്ചു.
പ്രസാർ ഭാരതി ന്യൂസ് സർവിസിനെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത ഏജൻസിയാക്കുകയും 'ഡി.ഡി ഇൻറർനാഷനലി'നെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയുമാണ് ലക്ഷ്യം. ദേശീയ, അന്തർദേശീയ തലത്തിലുള്ള മാധ്യമ സ്ഥാപനങ്ങളുമായും അക്കാദമിക് സമൂഹവുമായും ഇടപഴകി പോസിറ്റിവായ സ്റ്റോറികളും സാക്ഷ്യങ്ങളും അവരിലെത്തിക്കണം. സർക്കാറിെൻറ ആശയവിനിമയവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസ്ഥാന-ജില്ല തലങ്ങളിൽ മാധ്യമ ഇടപെടലുകളും പരിപാടികളും നടത്താനും സ്വാധീനിക്കാൻ കഴിയുന്നവരോടൊത്ത് പ്രവർത്തിക്കാനും നിർദേശങ്ങളുണ്ട്. സർക്കാറിെൻറ 10 പ്രധാന പദ്ധതികൾക്ക് പ്രചാരം നൽകണം. സർക്കാറിെൻറ കാഴ്ചപ്പാട് ശരിയായ രീതിയിൽ മുന്നോട്ടുവെക്കാൻ സമൂഹ മാധ്യമങ്ങളിലെ വിമർശകരെ പതിവായി പിന്തുടരുകയും അനുകൂലികളുമായി ആശയവിനിമയം നടത്തുകയും ചെയ്യണം.
കേന്ദ്ര മന്ത്രിമാരായ രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, പ്രകാശ് ജാവ്ദേക്കർ, എസ്. ജയശങ്കർ, മുഖ്താർ അബ്ബാസ് നഖ്വി, കിരൺ റിജിജു, ഹർദീപ് സിങ് പുരി, അനുരാഗ് ഠാകുർ, ബാബുൽ സുപ്രിയോ എന്നിവരടങ്ങുന്നതാണ് സമിതി. ജൂൺ 16നു ശേഷം ആറുതവണ യോഗം ചേർന്നാണ് സമിതി ശിപാർശകൾ അടങ്ങുന്ന റിപ്പോർട്ട് തയാറാക്കിയത്. ഈ ശിപാർശകൾ മന്ത്രിസഭ സെക്രട്ടേറിയറ്റിന് സമർപ്പിക്കുമെന്ന് 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.