ന്യൂഡൽഹി: കോവിഡ് മഹാമാരിയെ നേരിടുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ആരോഗ്യസേതു ആപ് നിർമിച്ചത് ആരെന്ന് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് അറിയില്ല. ആരോഗ്യസേതു ആപ് നിർമിച്ചതാരെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയവും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻഫർമാറ്റിക്സ് സെൻററും വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയത്. ഇത് വിവാദമായതോടെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.
കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ പൊതു-സ്വകാര്യ മേഖലകളെ കൂട്ടിയിണക്കി ഏറ്റവും സുതാര്യമായ രീതിയിലാണ് ആപ് നിർമിച്ചതെന്ന് കേന്ദ്ര സർക്കാർ വിശദീകരണത്തിൽ പറയുന്നു.
21 ദിവസത്തെ റെക്കോഡ് വേഗത്തിലാണ് ആപ് നിർമിച്ചത്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും മഹാമാരിയെ നേരിടുകയായിരുന്നു ലക്ഷ്യം. വ്യാവസായിക, അക്കാദമിക, സർക്കാർ തലത്തിലെ മികച്ച ബുദ്ധികേന്ദ്രങ്ങളെ ചേർത്തുനിർത്തി ഇന്ത്യൻ നിർമിത കോൺടാക്ട് ട്രേസിങ് ആപ് നിർമിക്കുകയായിരുന്നു ലക്ഷ്യം -വിശദീകരണത്തിൽ പറയുന്നു. ആപ് നിർമിച്ചതാരെന്ന് വിശദീകരണത്തിലും വ്യക്തമല്ല.
ആരോഗ്യ സേതു ആപ്പിെൻറ വെബ്സൈറ്റിൽ ഇത് വികസിപ്പിച്ചവരായി പറയുന്നത് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയവും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻഫർമാറ്റിക്സ് സെൻററുമാണ്. എന്നാൽ, ഇത് നിർമിച്ചതാരാണെന്ന് തങ്ങൾക്കറിയില്ലെന്ന് വിവരാവകാശ മറുപടിയിൽ ഇവർ വ്യക്തമാക്കിയിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ച കേന്ദ്ര വിവരാവകാശ കമീഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയച്ചു.
ആപ്പിനെ കുറിച്ച വിവരം നൽകുന്നതിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ പരാജയപ്പെട്ടുവെന്ന് കാണിച്ച് വിവരാവകാശ പ്രവർത്തകനായ സൗരവ് ദാസ് കേന്ദ്ര വിവരാവകാശ കമീഷനെ സമീപിക്കുകയായിരുന്നു. ആരോഗ്യസേതു ആപ് നിർദേശത്തിെൻറ ഉറവിടം, അതിൽ ഭാഗഭാക്കായ കമ്പനികൾ, വ്യക്തികൾ, സർക്കാർ വകുപ്പുകൾ, ആപ് വികസിപ്പിച്ച സ്വകാര്യ വ്യക്തികളുമായി നടത്തിയ ആശയവിനിമയത്തിെൻറ പകർപ്പുകൾ എന്നിവയാണ് വിവരാവകാശ പ്രകാരം സൗരവ് ചോദിച്ചത്.
രാജ്യത്തെ കോടിക്കണക്കിനാളുകൾ ഇതിനകം ഡൗൺലോഡ് ചെയ്ത ആരോഗ്യസേതു ആപ് ആരുണ്ടാക്കിയതാണെന്ന ചോദ്യത്തിന് അധികാരികളുടെ വിവര നിഷേധം അസ്വീകാര്യമാണെന്ന് കമീഷൻ നോട്ടീസിൽ ഓർമിപ്പിച്ചു. ആരോഗ്യസേതു ആപ് ആരുണ്ടാക്കിയതാണെന്ന് വ്യക്തമായ ഉത്തരം നൽകാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഒരു വിവരാവകാശ ഉദ്യോഗസ്ഥനും കഴിഞ്ഞിട്ടില്ല. എവിടെയാണ് ഇതുമായി ബന്ധപ്പെട്ട ഫയൽ എന്ന് ചോദിച്ച കമീഷൻ കേന്ദ്ര നടപടി അങ്ങേയറ്റം അസംബന്ധമാണെന്ന് വിമർശിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ നവംബർ 24ന് കമീഷൻ മുമ്പാകെ ഹാജരാകണമെന്നും നോട്ടീസിലുണ്ട്. ദേശീയ ഇ– ഗവേണൻസ് ഡിവിഷനിലെ വിവരാവകാശ ചുമതലയുള്ള മുഖ്യ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസുമയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.