ന്യൂഡൽഹി: നാന്നൂറിന് മുകളിൽ സീറ്റ്, കോൺഗ്രസ് മുക്ത ഭാരതം തുടങ്ങിയ മോഹങ്ങൾ തകർന്നടിഞ്ഞെങ്കിലും ന്യൂനപക്ഷ സമുദായങ്ങളെ ട്രഷറി ബെഞ്ചിൽനിന്ന് പൂർണമായി തുടച്ചുനീക്കിയും സവർണ ജാതി മേധാവിത്വം ശക്തമാക്കിയുമാണ് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ ഇക്കുറി അധികാരമേറുന്നത്. മുസ്ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്സി സമുദായങ്ങളിൽനിന്നുള്ള ഒരു എം.പിപോലും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ പ്രതിനിധികളായി 18ാമത് ലോക്സഭയിലില്ല.
മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവർക്ക് സ്ഥാനാർഥിത്വം നൽകാൻ ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികളും പിശുക്കുകാണിച്ചിരുന്നതിനാൽ പ്രതിപക്ഷത്തും പ്രാതിനിധ്യം ആശ്വാസകരമല്ല. മുസ്ലിം (7.9), ക്രൈസ്തവർ (3.5), സിഖ് (5.0) എന്നിങ്ങനെയാണ് ഇൻഡ്യ മുന്നണി എം.പിമാരുടെ കണക്ക്. സംവരണം ഇല്ലായിരുന്നുവെങ്കിൽ പട്ടികജാതി, പട്ടികവർഗ പ്രാതിനിധ്യവും സഭയിൽ നാമമാത്രമായേനെ.
ദലിത് സമൂഹത്തിൽനിന്നുള്ള സ്ഥാനാർഥി ജനറൽ മണ്ഡലമായ അയോധ്യയിൽനിന്ന് വിജയിച്ചതുപോലുള്ള സംഭവങ്ങളൊഴിച്ചുനിർത്തിയാൽ എസ്.സി, എസ്.ടി സമൂഹങ്ങളിൽനിന്നുള്ള നേതാക്കൾക്ക് കേരളത്തിലുൾപ്പെടെ സംവരണ മണ്ഡലങ്ങളിൽ മാത്രമാണ് പാർട്ടികൾ സീറ്റ് നൽകിയത്. എൻ.ഡി.എ എം.പിമാരിൽ 13.3 ശതമാനമാണ് പട്ടികജാതിക്കാർ. 10.8 ശതമാനം പട്ടികവർഗക്കാരും.
ഇൻഡ്യ എം.പിമാരിൽ ഇത് യഥാക്രമം 17.8, 9.9 ആണ്. എൻ.ഡി.എയുടെ എം.പിമാരിൽ 33.2 ശതമാനമാണ് ബ്രാഹ്മണരും രജപുത്രരും ഉൾപ്പെട്ട സവർണ ജാതിക്കാർ. ഇൻഡ്യ മുന്നണിയിൽ ഇത് 12.4 ശതമാനമാണ്. പട്ടികജാതി യാദവർ, കുർമികൾ തുടങ്ങിയ ഒ.ബി.സി വിഭാഗക്കാരായ എൻ.ഡി.എ എം.പിമാർ 26.2 ശതമാനമാണ്.
ഇൻഡ്യ മുന്നണിയുടെ 30.7 ശതമാനം എം.പിമാരാണ് മറ്റു പിന്നാക്ക സമുദായക്കാർ. മറാത്ത, ജാട്ട്, ലിംഗായത്ത്, പടിദാർ, റെഡ്ഡി, വൊക്കലിംഗ തുടങ്ങിയ മധ്യവർഗ ജാതികളിൽനിന്ന് 15.7 ശതമാനം എം.പിമാരെ എൻ.ഡി.എയും 11.9 ശതമാനം പേരെ ഇൻഡ്യ മുന്നണിയും ജയിപ്പിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.