ഹൈദരാബാദ്: സെക്കന്തരാബാദിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ അജ്ഞാതർ അതിക്രമിച്ചു കയറി ശവക്കല്ലറകൾ തകർത്തു. രംഗറെഡ്ഡി ജില്ലയിലെ ജൻവാഡയിൽ ബജ്‌റംഗ്ദൾ -ദലിത് ക്രിസ്ത്യൻ സംഘർഷത്തിൽ 14 പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സെക്കന്തരാബാദിലെ പഴക്കംചെന്ന സെമിത്തേരികളിലൊന്നായ സെൻറ് ജോൺസ് സെമിത്തേരിയിൽ അക്രമം അരങ്ങേറിയത്. ബുധനാഴ്ചയാണ് വിവരം പുറത്തറിയുന്നത്.
ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയാനും വർഗീയ സംഘർഷത്തിന് അരങ്ങൊരുക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും നടപടിയെടുക്കണമെന്ന് വിവിധ സമുദായ നേതാക്കൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സെമിത്തേരിയിലെ ഒരു ശവക്കല്ലറ തകർത്തതായി നോർത്ത് സോൺ ഡി.സി.പി രോഹിണി പ്രിയദർശിനി സ്ഥിരീകരിച്ചു. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഡി.സി.പി അറിയിച്ചു.
#Telangana #Secunderabad graves at St . John' s cemetery behind Parade Ground were desecrated by unknown miscreants yesterday @NewsMeter_In @NewsmeterTelugu pic.twitter.com/CWooP2ex8f
— Kaniza Garari (@KanizaGarari) February 21, 2024
സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഇതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നിൽ വർഗീയ ശക്തികൾ ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 13നാണ് രംഗറെഡ്ഡി ജില്ലയിലെ ജൻവാഡ ഗ്രാമത്തിൽ മെത്തഡിസ്റ്റ് പള്ളിക്ക് സമീപം ബജ്‌റംഗ്ദളുകാർ ദലിത് ക്രിസ്ത്യാനികൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റിരുന്നു. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പള്ളി കോമ്പൗണ്ട് ഏറ്റെടുത്ത് റോഡ് വികസിപ്പിക്കണമെന്ന് ബജ്റംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സഭാ അംഗങ്ങൾ എതിർത്തതോടെ മറുവിഭാഗം പള്ളിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.