കുമളി: തമിഴ്നാട്ടിലെ കമ്പം ബൈപാസ്സിനരികിലെ തെങ്ങിൻതോട്ടത്തിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ വീണ്ടും ടൗണിലേക്ക് വരുന്നത് തടയാൻ പാതയോരത്ത് തീയിട്ട് പ്രതിരോധിച്ച് വനംവകുപ്പ്. അരിക്കൊമ്പന്‍റെ ഓരോ നീക്കവും പൊലീസും വനംവകുപ്പും നിരീക്ഷിക്കുകയാണ്. നാളെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. ഇതിനായി മൂന്ന് കുങ്കിയാനകൾ പുറപ്പെട്ടു.
അരിക്കൊമ്പന്‍റെ ഭീഷണി തുടരുന്ന പശ്ചാത്തലത്തിൽ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നൽകുക. മയക്കു വെടി വെച്ചശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി.
ഇന്ന് രാവിലെയോടെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയത്. ഓട്ടോറിക്ഷ തകർത്തിരുന്നു. തുടർന്നാണ് ആനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്ന് തമിഴ്നാട് വനംവകുപ്പ് വിലയിരുത്തി.
വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടുകയായിരുന്നു. വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കൊമ്പനെ മയക്കുവെടി വെക്കാൻ വെറ്റിനറി ഡോക്ടർ, കുങ്കിയാനകൾ, വാഹനം അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്ഡി പറഞ്ഞിരുന്നു.
ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന ആന തമിഴ്നാട്ടിലെ മേഘമലയിലെത്തി. ഇവിടെ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ ശേഷമാണ് വീണ്ടും സഞ്ചരിച്ച് കേരള-തമിഴ്നാട് അതിർത്തി മേഖലയായ കമ്പത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.