കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ദൗത്യം നീണ്ടേക്കും. ആന തിരികെ കാടുകയറുന്നതായാണ് ഏറ്റവും പുതിയ വിവരം. കമ്പത്തെ സുരുളി വെള്ളച്ചാട്ടത്തിനരികിൽ നിന്ന് മാറിയ ആന, ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം കുത്തനാച്ചി എന്ന സ്ഥലത്താണുള്ളത്. 200 അംഗ ദൗത്യസംഘത്തിന് ആനയെ കണ്ടെത്താനായിട്ടില്ല.
സുരുളിപ്പെട്ടി മേഖലയിൽ ഗതാഗതം ഉൾപ്പെടെ തടഞ്ഞുകൊണ്ട് കനത്ത നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. കമ്പത്ത് 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരുളി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നില്ല. അരിക്കൊമ്പനെ തളക്കാനായി മുത്തു, സ്വയംഭൂ, ഉദയൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് കമ്പത്തെത്തിച്ചത്.
ഇന്ന് പുലർച്ചെ സുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്തായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് വനമേഖലയിലേക്ക് മാറിയിരിക്കുന്നത്.
ഇന്നലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഏറെ ആശങ്കപരത്തിയിരുന്നു. തെരുവിൽ ആനയെ കണ്ടതോടെ വാഹനങ്ങളിലും അല്ലാതെയും നാട്ടുകാർ കുതിച്ചെത്തി. ജനവാസ മേഖലയിൽനിന്ന് തുരത്താനായി പിന്നീട് ശ്രമം. ഇടുങ്ങിയ വഴിയിലൂടെ നീങ്ങിയ അരിക്കൊമ്പൻ പുറത്തുകടക്കാനാകാതെ ഏറെനേരം തിരക്കേറിയ തെരുവിലൂടെത്തന്നെ ചുറ്റിനടന്നു.
ആന തെരുവിലെത്തിയതോടെ തുരത്താൻ വനപാലകരുടെ സംഘവും പൊലീസും രംഗത്തെത്തി. തെരുവിലൂടെ നീങ്ങുന്നതിനിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ, വനംവകുപ്പിന്‍റെ വാഹനം, ഒരു ബൈക്ക് എന്നിവ തകർത്തു. പിന്നീട് തിരക്കേറിയ കമ്പം നന്ദഗോപാലൻ തെരുവ്, കൃഷ്ണപുരം, ഉഴവർ ചന്തഭാഗങ്ങളിലൂടെ ഏറെനേരം ചുറ്റിയശേഷമാണ് ആന പട്ടണത്തിനു പിന്നിലുള്ള തെങ്ങിൻതോപ്പിലേക്ക് കയറി.
ഇതിന് പിന്നാലെയാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ വനംവകുപ്പ് ഉത്തരവിട്ടത്. കലക്ടർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.