മർദനമേറ്റ രാഘവ് ത്രിവേദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

'താടി കണ്ട് മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ചു'; അമിത് ഷായുടെ റാലിക്കിടെ മാധ്യമപ്രവർത്തകന് ക്രൂരമർദനം

ലഖ്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമപ്രവർത്തകന് ക്രൂരമർദനം. ഓൺലൈൻ ന്യൂസ് പോർട്ടലായ 'മൊളിറ്റിക്സി'ൽ ജോലി ചെയ്യുന്ന രാഘവ് ത്രിവേദിയെയാണ് ഞായറാഴ്ച ബി.ജെ.പി പ്രവർത്തകർ തല്ലിച്ചതച്ചത്. താടി വളർത്തിയതു കണ്ട് മുസ്‌ലിമാണെന്ന ധാരണയോടെ പാർട്ടി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് രാഘവ് ത്രിവേദി പറയുന്നു. സ്ഥലത്ത് പൊലീസും മറ്റ് മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നെങ്കിലും തന്നെ സഹായിക്കാൻ ആരും വന്നില്ലെന്നും രാഘവ് വ്യക്തമാക്കി.

സംഭവത്തേക്കുറിച്ച് രാഘവ് ത്രിവേദി പറയുന്നതിങ്ങനെ: "ഞാൻ അവിടെ തെരഞ്ഞെടുപ്പ് റാലി റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു. റാലിയിലുണ്ടായിരുന്ന ചില സ്ത്രീകൾ, തങ്ങൾക്ക് പണം നൽകിയതിനാലാണ് പരിപാടിക്ക് എത്തിയതെന്ന് പറഞ്ഞു. ഞാൻ ഇതെല്ലാം കാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ഇതുകണ്ട ബി.ജെ.പി പ്രവർത്തകർ അരികിലേക്കു വരികയും കാമറ ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അവർ ആക്രമിച്ചത്.

പൊലീസും മറ്റ് മാധ്യമപ്രവർത്തകരുമെല്ലാം അവിടെ ഉണ്ടായിരുന്നു. അവരോട് സഹായമഭ്യർഥിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. എന്റെ കാമറാമാൻ അവിടെനിന്ന് ഓടിരക്ഷപെടുകയായിരുന്നു. താടി വളർത്തുകയും പൈജാമ ധരിക്കുകയും ചെയ്തതോടെ ഞാനൊരു മുസ്‌ലിമാണെന്നു കരുതി അവർ ആക്രമിക്കുകയായിരുന്നു" -ആശുപത്രി കിടക്കയിൽനിന്ന് ഇക്കാര്യങ്ങൾ വിവരിക്കുന്ന രാഘവിന്റെ വിഡിയോ കോൺഗ്രസ് ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

ബി.ജെ.പിയെ ശക്തമായി വിമർശിച്ചുകൊണ്ടാണ് കോൺഗ്രസ് വിഡിയോ പോസ്റ്റു ചെയ്തത്. 'അമിത് ഷാ റായ്ബറേലിയിൽ ഒരു റാലി സംഘടിപ്പിച്ചു. അവിടെയെത്തിയ സ്ത്രീകൾ, തങ്ങളെ പണം നൽകിയാണ് എത്തിച്ചതെന്ന് ഒരു മാധ്യമപ്രവർത്തകനോട് പറഞ്ഞു. അയാൾ ഇത് റെക്കോർഡ് ചെയ്തതിനു പിന്നാലെ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ബി.ജെ.പി ഗുണ്ടകളെത്തി. മാധ്യമപ്രവർത്തകൻ അതിനു തയാറാകാതിരുന്നതോടെ അയാളെ സ്റ്റേജിനു പിന്നിലെത്തിച്ച് ക്രൂരമായി മർദിച്ചു. അയാളുടെ കൈവശമുണ്ടായിരുന്ന പണവും അവർ കവർന്നെടുത്തു. അമേത്തിയിൽ കോൺഗ്രസുകാരെയും അവർ ആക്രമിച്ചിരുന്നു. ബി.ജെ.പി പരാജയ ഭീതിയിലാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. വൈകാതെ ഈ അനീതി അവസാനിക്കും' -കോൺഗ്രസിന്റെ എക്സ് പോസ്റ്റിൽ പറയുന്നു.

Tags:    
News Summary - Mistaken for Muslim, journalist beaten up at Amit Shah’s rally in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.