ഒഡിഷ ട്രെയിൻ അപകടം: കാരണം സിഗ്നൽ പാളിച്ചയെന്ന് പ്രാഥമിക റിപ്പോർട്ട്

ന്യൂഡൽഹി: ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 261 പേർ മരിക്കാനിടയായ സംഭവം സിഗ്നൽ പാളിച്ചയെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട്. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് സിഗ്നൽ പാളിച്ചയാണ് അപകടത്തിനിടയാക്കിതെന്ന നിഗമനത്തിലെത്തിയത്.

പ്രധാന ലൈനിലൂടെ പോകേണ്ടിയിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് സിഗ്നൽ പാളിച്ച മൂലം ചരക്ക് ട്രെയിൻ നിർത്തിയിട്ട ലൂപ് ലൈനിലേക്ക് ​പ്രവേശിക്കുകയായിരുന്നു. അപകടം നടന്ന ലൂപ് ലൈൻ ഭാഗികമായി തുരുമ്പെടുത്തു കഴിഞ്ഞിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

ഹൗറയിൽ നിന്ന് ചെന്നൈയിലേക്ക് വരുന്ന് കോറമാണ്ഡൽ എക്സ്പ്രസ് ബാലസോറിലെ ബഹനഗ ബസാർ റെയിലവേ സ്റ്റേഷനിൽ വെച്ച് ലൂപ് ലൈനിലേക്ക് പ്രവേശിച്ചു. തെറ്റായ സിഗ്നൽ ലഭിച്ചതു പ്രകാരമാണ് ട്രെയിൻ ലൂപ് ലൈനിലേക്ക് പ്രവേശിച്ചത്. എന്നാൽ സിഗ്നൽ ഉടൻ പിൻവലിച്ചിരുന്നു. അപ്പോഴേക്കും അപകടം നടന്നു.

പ്രധാന ലൈനിൽ നിന്ന് മാറി ട്രെയിനുകൾക്ക് കുറച്ച് ദൂരം മുന്നോട്ട് സഞ്ചരിക്കാൻ സഹായിക്കുന്ന കൈവഴിയാണ് ലൂപ് ലൈൻ. റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയിട്ട ട്രെയിനുകളെ മറികടക്കാൻ ലൂപ് ലൈനുകൾ സഹായിക്കും.

മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരായ ജെ.എൻ സുബുധി, ആർ.കെ ബാനർജി, ആർ.കെ പൻജിര, എ.കെ മൊഹന്തു എന്നിവരാണ് കൈകൊണ്ട് എഴുതിയ രണ്ടുപേജുള്ള റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

സിഗ്നൽ റൂമിൽ നിന്നുള്ള വിവരങ്ങൾ മാത്രമുപ​യോഗിച്ചാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. റെയിൽവേ മന്ത്രാലയം ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കോറമാണ്ഡൽ എക്സ്പ്രസിന്റെ 21 കോച്ചുകളും ബംഗളൂർ -ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ട് കോച്ചുകളും പാളം തെറ്റിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - ‘Mistaken’ signal likely led to Coromandel Express ramming goods train: Railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.