ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ജനവാഡയിലെ ദലിത് ക്രിസ്ത്യൻ വിഭാഗം പള്ളിക്ക് നേരെ ബജ്രംഗ് ദൾ നേതൃത്വത്തിൽ ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രണ്ട് കുട്ടികൾ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റു. 200 ഓളം പേരടങ്ങുന്ന സംഘം ജയ് ശ്രീറാം വിളികളോടെ പള്ളി ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പ്രദേശത്ത് റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് പ്രബല സമുദായങ്ങളായ യാദവ്, മുദിരാജ് വിഭാഗത്തിൽ പെടുന്ന തീവ്രഹിന്ദുത്വവാദികൾ മഡിഗ വിഭാഗക്കാരായ ദലിത് ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടത്തിയത്. പള്ളിയിൽ പ്രാർഥന നടക്കുന്നതിനിടെയാണ് ആക്രമണം. ജയ് ശ്രീറാം വിളികളുമായി എത്തിയ സംഘം പള്ളിയിലെ കുരിശും കസേരകളും മേൽക്കൂരയും അടിച്ചുതകർത്തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്നാണ് സംഘർഷമെന്ന് പൊലീസ് പറഞ്ഞു. പള്ളിയുടെ സ്ഥലം കൈയേറിയാണ് റോഡ് വീതികൂട്ടാൻ പോകുന്നതെന്ന് ക്രിസ്ത്യൻ വിഭാഗം ആരോപിച്ചിരുന്നു. റോഡ് പണി തുടങ്ങിയതിന് പിന്നാലെ ക്രിസ്ത്യൻ വിഭാഗത്തിലെ ചിലർ ഇതിനെ എതിർത്തു. തുടർന്നാണ് പള്ളിയിൽ കയറി ആക്രമണമുണ്ടായത്. റോഡ് പണിക്കായി കൊണ്ടുവന്ന മെറ്റൽ ഉപയോഗിച്ച് പള്ളിക്ക് നേരെ വ്യാപക കല്ലേറുമുണ്ടായി.
ക്രിസ്ത്യൻ വിഭാഗത്തിന്‍റെ പരാതിയിൽ 29 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രധാന പ്രതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായെന്നും മറ്റുള്ളവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.