‘മോദാനി’യുടെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ സുരക്ഷയെ അപകടപ്പെടുത്തും -ഗുരുതര ആരോപണങ്ങളുമായി ജയറാം രമേശ്

ന്യൂഡൽഹി: അദാനി കമ്പനിയുടെ ചൈനീസ് നിക്ഷേപം രാജ്യത്തി​ന്‍റെ ദേശീയ സുരക്ഷയെയും പരമാധികാരത്തെയും അപകടത്തിൽപ്പെടുത്തുമെന്ന ഗൗരവമേറിയ ആരോപണങ്ങളുമായി കോൺഗ്രസ് കമ്യൂണിക്കേഷൻസ് വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പ്രത്യേക സൗഹൃദങ്ങൾ’ കാരണം ഇവ രണ്ടും രാജ്യം ത്യജിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

‘ഇന്ത്യയുടെ വിദേശനയ താൽപര്യങ്ങൾ അദാനി ഗ്രൂപ്പി​ന്‍റെ വാണിജ്യ താൽപര്യങ്ങൾക്ക് വിധേയമാക്കുന്നത് ആഗോളതലത്തിൽ രാജ്യത്തെ വൻ തിരിച്ചടികളിലേക്ക് നയിച്ചു. വിദേശനയത്തിന് പുറമെ ചൈനയുമായുള്ള ‘മോദാനി’യുടെ വിദേശ നിക്ഷേപങ്ങളും ഇന്ത്യയുടെ ദേശീയ സുരക്ഷയെ അപായപ്പെടുത്തുന്നതിലേക്ക്  കൊണ്ടെത്തിക്കും’ -അദ്ദേഹം പറഞ്ഞു. സപ്ലൈ ചെയിൻ സൊല്യൂഷനുകളും പ്രോജക്റ്റ് മാനേജ്മെന്‍റ് സേവനങ്ങളും നൽകുന്ന ബിസിനസ് നടത്തുന്നതിന് അദാനി ഗ്രൂപ്പ് ചൈനയിൽ അനുബന്ധ കമ്പനി രൂപീകരിച്ചുവെന്ന വാർത്തക്കു പിന്നാലെയാണ് അദ്ദേഹത്തി​ന്‍റെ ഗുരുതര ആരോപണങ്ങൾ.

ചൈനക്ക് 2020 ജൂൺ 19ന് ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയുടെയുടെ വക ഒരു ക്ലീൻ ചിറ്റ് നൽകി. അത് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ഏറ്റവും വിനാശകരമായ പ്രസ്താവനകളിലൊന്നായിരുന്നെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. പദവിയുടെ പവിത്രത ഇല്ലാതാക്കിയ വലിയ നുണയായിരുന്നു അത്. ഇന്ത്യൻ പ്രദേശ​ത്തേക്കുള്ള തുടർച്ചയായ അവരുടെ കയ്യേറ്റം നിഷേധിക്കാനും അത് തുടർന്നും നടത്താനും ഇത് ചൈനയെ പ്രാപ്തമാക്കിയതായും രമേശ് പ്രസ്താവനയിൽ പറഞ്ഞു. അനിയന്ത്രിതമായ ചൈനീസ് ഇറക്കുമതി, നിക്ഷേപം, കുടിയേറ്റം എന്നിവയുടെ അപകടസാധ്യതകളിലേക്കുള്ള സർക്കാറിന്‍റെ അശ്രദ്ധക്കും അക്കാര്യം അടിവരയിട്ടു. അദാനി ഗ്രൂപ്പ് ചൈനയിൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടതോടെ ചൈനക്കുള്ള മോദിയുടെ അന്നത്തെ ക്ലീൻചിറ്റ് ‘പിന്തുണക്കത്ത്’ ആയി മാറാൻ പോവുകയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇന്ത്യയിലെ ചൈനീസ് തൊഴിലാളികൾക്കുള്ള അതിവേഗ വിസയിലേക്ക് സർക്കാർ ഒരേസമയം നീങ്ങുകയും ചൈനീസ് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുു. ചൈനയിലും കിഴക്കൻ ഏഷ്യയിലും അദാനി ഗ്രൂപ്പി​ന്‍റെ മുൻകാല പ്രവർത്തനങ്ങൾ വളരെ സംശയാസ്പദമാണ്. തായ്‌വാൻ വ്യവസായിയായ ചാങ് ചുങ് ലിംങ് നിരവധി അദാനി ഗ്രൂപ്പുകളുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ൽ ചുങ് ലിംങ്ങിന്‍റെ കുടുംബത്തി​ന്‍റെ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ പിടിക്കപ്പെട്ടു. യു.എൻ ഉപരോധം ലംഘിച്ച് ഉത്തരകൊറിയയിലേക്ക് എണ്ണ കടത്തുന്നതിനിടെയായിരുന്നു അത്. ‘ഷാങ്ഹായ് അദാനി ഷോപ്പിംഗ്’ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ് കള്ളക്കടത്ത് കപ്പലി​ന്‍റെ പ്രവർത്തനത്തിന് ഭാഗികമായി ധനസഹായം നൽകിയതെന്ന് തെളിഞ്ഞതായും അദ്ദേഹം ആരോപിച്ചു. ഈ ഷാങ്ഹായ് അദാനി ഷിപ്പിംഗ് കമ്പനി അദാനി ഗ്ലോബലുമായും ചുങ് ലിങ്ങി​ന്‍റെ ഉടമസ്ഥതയിലുള്ള ഹായ് ലിംഗോസ് എന്ന മറ്റൊരു സ്ഥാപനത്തിനൊപ്പവും ബിസിനസി​ലേർപ്പെട്ടിട്ടുണ്ട്. അദാനി ഷിപ്പിങ് ചൈനാ കമ്പനി എന്ന മറ്റൊരു കമ്പനിയും ഇതിനൊപ്പമുണ്ട്. ആഗോളതലത്തിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഈ സ്ഥാപനങ്ങളൊന്നും ഇതുവരെ അദാനിയുടെ അനുബന്ധ സ്ഥാപനങ്ങളായി അംഗീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യമെന്നും ജയ്റാം രമേശ് പറഞ്ഞു.

അദാനി ചൈനയിൽ നേരിട്ട് നിക്ഷേപം നടത്തുന്നതിനുമുമ്പുതന്നെ സർക്കാർ ഉറങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദാനിയുടെ വിദേശ നിക്ഷേപം പലപ്പോഴും നമ്മുടെ ദേശീയ താൽപര്യത്തെ തുരങ്കം വെക്കുന്നതും ഇന്ത്യയുടെ മോശം അവസ്ഥക്ക് കാരണമാകുന്നതുമാണ്. ഉദാഹരണത്തിന്, ജാർഖണ്ഡിലെ അദാനിയുടെ കൽക്കരി പ്ലാന്‍റിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള ബംഗ്ലാദേശ് ഗവൺമെ​ന്‍റി​ന്‍റെ കരാർ കഴിഞ്ഞ മാസം പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച പ്രതിഷേധത്തി​ന്‍റെ മിന്നൽ പോയിന്‍റായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ചൈനയോടുള്ള സർക്കാറി​ന്‍റെ സാമ്പത്തിക നയ രൂപീകരണം എല്ലായ്‌പ്പോഴും അപര്യാപ്തമാണെന്നും ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയുടെ ക്ലീൻ ചിറ്റ് കൂടുതൽ ജാഗ്രതയോടെയുള്ള നടപടികളെ തടഞ്ഞുവെന്നും രമേശ് പറഞ്ഞു. അതേസമയം, അനിയന്ത്രിതമായ ചൈനീസ് ഇറക്കുമതിക്കെതിരെ ലോകമെമ്പാടുമുള്ള ഗവൺമെന്‍റുകൾ ഇറക്കുമതി തീരുവകളും അന്വേഷണങ്ങളും വഴി ശക്തമായ തിരുത്തൽ നടപടി സ്വീകരിക്കുന്നുണ്ട്. ചൈനയെ സാമ്പത്തികമായി പിന്തുണക്കുന്നതിനു പകരം അവരുടെ വിഘടിപ്പിക്കലിനെതിരെ സംയോജിത സാമ്പത്തിക തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് മറ്റു ഗവൺമെന്‍റുകൾ.

നമ്മുടെ അതിർത്തികളിലും ഭൂഭാഗങ്ങൾക്കകത്തും ചൈനീസ് സൈനികരുടെ ദേശീയ സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യാ സർക്കാർ അതി​നോടുള്ള പ്രതികരണത്തിൽ ചിതറിപ്പോയിരിക്കുന്നു. ഇവിടെ ടിക് ടോക്ക് നിരോധിച്ചിരിക്കുന്നു. അതേസമയം, ചൈനയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയരുകയും ആഭ്യന്തരമായി നാശം വിതക്കുകയും ചെയ്യുന്നു. ആ സമയത്തും ചൈനയുടെ വിതരണ ശൃംഖലയിലേക്ക് ഇന്ത്യ സ്വയം ചെന്നു നിൽക്കൽ അനിവാര്യമാണ് എന്ന ബധിര വാദം ഉന്നയിക്കുകയും ചെയ്യുന്നു. ശ്രീലങ്ക, കെനിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ അദാനിയുടെ താൽപര്യങ്ങൾ എല്ലാം ഇന്ത്യയെ ദോഷകരമായി ബാധിച്ചു. അദാനിയുമായുള്ള ‘ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയുടെ സൗഹൃദം’ ഇപ്പോൾ ആഗോളതലത്തിൽ അറിയപ്പെടുന്നുവെന്നും രമേശ് ആരോപിച്ചു.

Tags:    
News Summary - Modani's overseas investments can now cost India her national security vis-a-vis China- Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.