ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മകളുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ക്ഷുഭിതനായി ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ. ഈ പാർട്ടി ഡി.എം.കെയാണെന്നും ഞാൻ കലൈഞ്ജറുടെ മകനാണെന്നുമുള്ള കാര്യം മോദി മറക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും ഞാൻ ഭയെപ്പടില്ലെന്നും അദ്ദേഹം പെരമ്പല്ലൂരിൽ പറഞ്ഞു.
''ഇന്ന് രാവിലെ ഞാൻ ചെന്നൈയിൽനിന്ന് ഞാൻ തിരുച്ചിയിൽ എത്തി. ചെന്നൈയിലെ എന്‍റെ മകളുടെ വീട്ടിൽ റെയ്ഡ് നടന്നതായി അറിഞ്ഞു. മോദി സർക്കാർ ഇപ്പോൾ എ.ഐ.എ.ഡി.എം.കെ സർക്കാരിനെ സംരക്ഷിക്കുന്നു. മോദിയോട് ഇത് ഡി.എം.കെ ആണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അത് മറക്കരുത്, ഞാൻ കലൈഞ്ജറുടെ മകനാണ്. ഇത് കൊണ്ടൊന്നും ഞാൻ ഭയപ്പെടില്ല'' -സ്റ്റാലിൻ വ്യക്തമാക്കി.
സ്റ്റാലിന്‍റെ മകൾ സെന്താമരൈയും മരുമകൻ ശബരീശനും താമസിക്കുന്നിടത്താണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. ശബരീശന്‍റെ ഉടമസ്ഥതയിലുള്ള നാലോളം ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ചെന്നൈ നീലങ്കരൈയിലെ മകളുടെയും മരുമകന്‍റെയും വീട്ടിൽ ആദായനികുതി വകുപ്പെത്തുകയായിരുന്നു.
ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രണ്ടാമത്തെ തവണയാണ് ഡി.എം.കെ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആധായനികുതി വകുപ്പ് പരിശോധനക്ക് എത്തുന്നത്. കഴിഞ്ഞമാസം മുതിർന്ന ഡി.എം.കെ നേതാവും സ്ഥാനാർഥിയുമായ ഇ.വി. വേലുവിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ആദായ നികുതി വകുപ്പിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.