അഹ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ മാറ്റിമറിക്കുകയും കൂടുതൽ ശാസ്ത്രീയവും ആധുനികവുമാക്കുകയും ചെയ്തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ വർഷത്തെ പ്രസംഗം ഇപ്പോൾ വൈറലാകുന്നു. ഗുജറാത്തിൽ 157 സ്കൂളുകളിൽ 10ാം ക്ലാസ് പരീക്ഷയെഴുതിയ ഒറ്റക്കുട്ടി പോലും ജയിക്കാത്ത പശ്ചാത്തലത്തിലാണ് നെറ്റിസൺസ് പഴയപ്രസംഗം കുത്തിപ്പൊക്കിയത്. ഇതാണോ രാജ്യത്തിന്റെ പ്രധാനമന്ത്രിയും 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയുമായ മോദി ഉയർത്തിക്കാട്ടുന്ന ഗുജറാത്ത് മോഡൽ എന്ന് ഇവർ ചോദിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2022 നവംബർ 24ന് ഗാന്ധിനഗർ ദെഹ്ഗാം പട്ടണത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്താണ് ഗുജറാത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ മോദി പുകഴ്ത്തിയത്. ‘ഏകദേശം 20 മുതൽ 25 വർഷം മുമ്പ്, ഗുജറാത്തിന്റെ വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് വിഹിതം വെറും 1,600 കോടിയായിരുന്നു. ഇന്ന് അത് 33,000 കോടി രൂപയായി ഉയർന്നു. ഇത് പല സംസ്ഥാനങ്ങളുടെയും മൊത്തം ബജറ്റ് വിഹിതത്തേക്കാൾ കൂടുതലാണ്. ഇതാണ് ഞങ്ങൾ നേടിയ പുരോഗതി’ -എന്നായിരുന്നു മോദി പ്രസംഗിച്ചത്.
'ഡൽഹി മോഡൽ' വിദ്യാഭ്യാസം ഉയർത്തിക്കാട്ടി, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സംസ്ഥാനത്ത് നടത്തിയ പ്രചാരണത്തിന് മറുപടിയായിട്ടായിരുന്നു മോദിയുടെ പുകഴ്ത്തൽ. ‘വിദ്യാഭ്യാസമേഖലയിൽ ഞങ്ങൾ കൊണ്ടുവന്ന മാറ്റങ്ങൾ മുഴുവൻ ഗുജറാത്തിലെയും ജനങ്ങൾക്ക് ഗുണം ചെയ്തു. ഗുജറാത്തിലെ ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ മാറ്റി കൂടുതൽ ശാസ്ത്രീയവും ആധുനികവുമാക്കി. ഗാന്ധിനഗർ ഇപ്പോൾ നിരവധി കോളജുകളും സർവകലാശാലകളും ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമായി മാറി. ലോകത്തിലെ ആദ്യത്തെ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയും ചിൽഡ്രൻസ് യൂണിവേഴ്‌സിറ്റിയും സംസ്ഥാന തലസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഊർജ്ജ സർവകലാശാലയും മാരിടൈം യൂണിവേഴ്സിറ്റിയും സ്ഥിതി ചെയ്യുന്നത് ഗാന്ധിനഗറിലാണ്. ഇവിടെ അടുത്തുള്ള രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് ദെഹ്ഗാമിന്റെയും ഗാന്ധിനഗറിന്റെയും അഭിമാനമാണ്’ -മോദി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടിയുടെ നേതാക്കൾക്ക് ഗുജറാത്തിനെ വികസിപ്പിച്ചെടുക്കാൻ ഒരു കാഴ്ചപ്പാടും ഇല്ലെന്നും അവർ എപ്പോഴും തന്നെ വിമർശിക്കുന്ന തിരക്കിലാണെന്നും പ്രസംഗമധ്യേ മോദി പറഞ്ഞിരുന്നു. 27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി വോട്ട് തേടിയാണ് പ്രധാനമന്ത്രി വിദ്യാഭ്യാസരംഗത്തെ ‘ഗുജറാത്ത് മോഡൽ’ ഉയർത്തിക്കാട്ടിയത്. എന്നാൽ, മൂന്ന് പതിറ്റാണ്ടോളം ബി.ജെ.പി ഭരിച്ചതിന്റെ ഗുണമാണ് 157 സ്കൂളിലെ ‘വട്ടപ്പൂജ്യ’മെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ വർഷം 121 സ്കൂളുകൾ സംപൂജ്യരായത് ഇത്തവണ 157 ആയി ഉയർന്നു. അതേസമയം 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളുടെ എണ്ണം 294ൽ നിന്ന് 272 ആയി ചുരുങ്ങി’- ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
മേയ് 25നാണ് ഗുജറാത്തിൽ ഈ വർഷത്തെ 10ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 1084 സ്‌കൂളുകളിൽ 30 ശതമാനത്തിൽ താഴെ മാത്രമായിരുന്നു വിജയശതമാനം. 2022ൽ നടന്ന പരീക്ഷയിൽ 121 സ്കൂളുകളായിരുന്നു ‘വട്ടപ്പൂജ്യം’ നേടിയത്. ഇക്കുറി 36 സ്കൂളുകൾ കൂടി സംപൂജ്യരുടെ പട്ടികയിൽ ഇടംപിടിച്ചു.
ആകെ 7.34 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 4.74 ലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചത്. 64.62 ആണ് വിജയശതമാനം. 2022ൽ 65.18 ആയിരുന്ന വിജയശതമാനം ഇത്തവണ കുറഞ്ഞു. ജില്ലാതലത്തിൽ 76 ശതമാനം വിദ്യാർഥികൾ വിജയിച്ച സൂറത്ത് ഒന്നാമതെത്തി. ആദിവാസി ഗോത്ര വിഭാഗങ്ങൾ ഭൂരിപക്ഷമായ ദാഹോദ് ജില്ലയാണ് ഏറ്റവും പിന്നിൽ. 40.75 ശതമാനം വിദ്യാർഥികൾ മാത്രമാണ് ഇവിടെ വിജയിച്ചത്.
2019ൽ പരീക്ഷയെഴുതിയ 63 സ്കൂളുകളിൽ ഒറ്റക്കുട്ടി പോലും വിജയിച്ചിരുന്നില്ല. 366 സ്‌കൂളുകൾ 100 ശതമാനം വിജയം നേടിയിരുന്നു. 8,22,823 വിദ്യാർഥികളിൽ 5,51,023 പേർ മാത്രമാണ് വിജയിച്ചത്. 66.97 ശതമാനമായിരുന്നു വിജയശതമാനം. സംസ്ഥാനത്തിന്റെ മാതൃഭാഷയിൽ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ വെറും 64.58 ശതമാനം മാത്രമാണ് വിജയംവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.