മുഹമ്മദ് സുബൈർ

വിദ്വേഷ പ്രചാരകരെ വിമർശിക്കുന്നത് തുടരുമെന്ന് മുഹമ്മദ് സുബൈർ

ന്യൂഡൽഹി: വിദ്വേഷ പ്രചാരകരെ വിമർശിക്കുമെന്ന് തുടരുമെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

പുതിയ മൊബൈൽ ഫോണും സിം കാർഡും ലഭിച്ചതിന് ശേഷം താൻ ആദ്യം ട്വിറ്റർ ഇൻസ്റ്റാൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഡെക്കാൻ ഹെറാൾഡ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പുതിയ സിം കാർഡും മൊബൈലും ലഭിച്ചാൽ ഉടൻ തന്നെ ട്വിറ്റർ ഇൻസ്റ്റാൾ ചെയ്ത് വ്യാജ വാർത്തകൾക്കെതിരെ ട്വീറ്റ് ചെയ്യുമെന്ന് സുബൈർ പറഞ്ഞു.

സുബൈറിനെതിരെ ചുമത്തിയ ആറ് കേസുകളിലും ബുധനാഴ്ച സുപ്രീം കോടതിയിൽ നിന്ന് അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 23 ദിവസങ്ങൾക്ക് ശേഷമാണ് സുബൈർ ജയിൽ മോചിതനായത്. ടെലിവിഷൻ വാർത്താ അവതാരകരെക്കുറിച്ചുള്ള ആക്ഷേപകരമായ പരാമർശങ്ങൾ, ഹിന്ദു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തൽ, ദേവതകളെക്കുറിച്ചുള്ള പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റുചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

2018ലെ സുബൈറിന്‍റെ ഒരു ട്വീറ്റുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മറ്റൊരു കേസ് കൂടെ ഫയൽ ചെയ്തിരുന്നു. ഇതിൽ ജൂലൈ 15 നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. നുപൂർ ശർമ്മക്കെതിരെ നടത്തിയ പ്രസ്താവനയിൽ താൻ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതായി അഭിമുഖത്തിൽ സുബൈർ പറഞ്ഞു. അവർ തന്നെ പിന്തുടരുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ഇത്രയും പ്രതികാരം ചെയ്യുമെന്ന് അറിയില്ലായിരുന്നു.

നുപൂർ ശർമ്മക്കെതിരായ തന്‍റെ ട്വീറ്റ് രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളെ കൂടെ ലക്ഷ്യമിട്ടായിരുന്നു. അവരെ തടയുകയോ അവർ പറയുന്നതിനെ എതിർക്കുകയോ ചെയ്യാത്ത ചാനലുകൾ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ കുടുക്കാൻ മറ്റൊന്നും ലഭിക്കാത്തതിനാലാണ് നാലോ അഞ്ചോ വർഷം പഴക്കമുള്ള ട്വീറ്റ് കുത്തിപൊക്കിയതെന്നും സുബൈർ ആരോപിച്ചു.

Tags:    
News Summary - Mohammed Zubair says he will continue to ‘call out hate-mongers’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.