ന്യൂഡൽഹി: ഉദ്ധവ് താക്കറെ കാമ്പിൽ നിന്നും കൂടുതൽ എം.എൽ.എമാർ ഷിൻഡെ പക്ഷത്തേക്ക് മാറുമെന്ന് റിപ്പോർട്ടുകൾ. ഉദ്ധവ് താക്കറെ വിഭാഗത്തിൽനിന്നുള്ള രണ്ടോ മൂന്നോ എം.എൽ.എമാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ഗ്രൂപ്പിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി സന്ദീപൻ ബുംമ്ര സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
എന്നാൽ എം.എൽ.എമാരുടെ പേരുകൾ പറയാൻ അദ്ദേഹം തയാറായില്ല. 'ഉദ്ധവ് താക്കറെയുടെ പക്ഷത്തുള്ള രണ്ടോ മൂന്നോ എം.എൽ.എമാർ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി ബന്ധം സ്ഥാപിക്കുന്നുണ്ട്. പേരുകൾ പരാമർശിക്കുന്നില്ല, പക്ഷെ ഇവർ കൊങ്കൺ, മറാത്താവാഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് മാത്രം പറയാം.' സന്ദീപൻ ബുംമ്രെ പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള ശിവസേനയുടെ ഭൂരിഭാഗം നേതാക്കളും ഷിൻഡെ വിഭാഗവുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തെതുടർന്ന് ജൂൺ 29നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവെച്ചത്. ഇതോടെ രണ്ടുവർഷവും 213 ദിവസവും നീണ്ട മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി ഭരണത്തിന് അന്ത്യമായി. തുടർന്ന് ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.