ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണം ചരിത്ര നേട്ടമായി വിശേഷിപ്പിക്കുന്ന പ്രമേയം പാർലമെന്റ് പാസാക്കി. രാമക്ഷേത്ര നിർമാണം, പ്രാണപ്രതിഷ്ഠ എന്നിവ മുൻനിർത്തി നടത്തിയ പ്രത്യേക ചർച്ചക്കൊടുവിലായിരുന്നു പ്രമേയം. അതേസമയം, നാലു മണിക്കൂർ നീണ്ട ചർച്ച പ്രതിപക്ഷ പാർട്ടികൾ ഭാഗികമായി ബഹിഷ്കരിച്ചു. കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ കക്ഷികൾ പങ്കെടുത്തു.
തൃണമൂൽ കോൺഗ്രസ്, സി.പി.എം, മുസ്ലിംലീഗ്, ആർ.എസ്.പി തുടങ്ങിയവ വിട്ടുനിന്നു. മത്സ്യത്തൊഴിലാളി വിഷയം ഉന്നയിച്ച് ഡി.എം.കെയും വിട്ടുനിന്നു. കേരള എം.പിമാർ ആരും ചർച്ചയിൽ ഉടനീളം ഹാജരായിരുന്നില്ല. ബാബരി മസ്ജിദ് തകർത്തതിനു പിന്നാലെ അതിനെ അപലപിച്ചു പ്രമേയം പാസാക്കിയ ചരിത്രമുള്ള പാർലമെന്റിലാണ് ശനിയാഴ്ച ക്ഷേത്ര നിർമാണം ചരിത്ര നേട്ടമായി വിശേഷിപ്പിക്കുന്ന പ്രമേയം പാസാക്കിയത്. ലോക്സഭയിൽ സ്പീക്കർ ഓം ബിർലയും രാജ്യസഭയിൽ ഉപരാഷ്ട്രപതി കൂടിയായ അധ്യക്ഷൻ ജഗദീപ് ധൻഖറുമാണ് പ്രമേയം അവതരിപ്പിച്ചത്. ‘ജയ് ശ്രീറാം’ വിളികളോടെ ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. സോണിയ ഗാന്ധി, കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ ചർച്ചാവേളയിൽ ഹാജരായിരുന്നെങ്കിലും മിക്കവാറും ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളിൽ ഒൻപതു പേർ മാത്രമാണ് ഒടുവിൽ ഉണ്ടായിരുന്നത്.
പാർലമെന്റ് സമ്മേളനം നിശ്ചയിച്ചതിൽ നിന്ന് ഭിന്നമായി ഒരു ദിവസത്തേക്കുകൂടി നീട്ടിയാണ് സർക്കാർ പ്രാണപ്രതിഷ്ഠ ചർച്ച അജണ്ടയായി കൊണ്ടുവന്നത്. രാമക്ഷേത്ര നിർമാണം വരുംതലമുറകൾക്ക് പ്രത്യാശയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പകർന്നു നൽകുമെന്ന് സഭാധ്യക്ഷന്മാർ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. മെച്ചപ്പെട്ട ഭരണക്രമത്തിന്റെയും ജനക്ഷേമത്തിന്റെയും പുതിയ കാലഘട്ടത്തിലാണ് രാമക്ഷേത്രം ഉയർന്നത്. ഏക ഭാരതം, ശ്രേഷ്ഠഭാരതമെന്ന വികാരത്തിന്റെ പ്രതീകമാണ് രാമക്ഷേത്രം. ചർച്ചയിൽ പങ്കെടുത്ത ജനതദൾ-യു, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി, ബി.എസ്.പി, ബി.ജെ.ഡി, ശിവസേന പ്രതിനിധികൾ ബി.ജെ.പി പ്രസംഗകരെപ്പോലെത്തന്നെ രാമക്ഷേത്ര നിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായി വിവരിച്ചു. ബി.ജെ.പിയുടെ ജയ്ശ്രീറാം വിളി പകയും വിദ്വേഷവുമായി പ്രതിഫലിപ്പിക്കുന്നതെന്ന് കോൺഗ്രസിനെ പ്രതിനിധാനംചെയ്തു സംസാരിച്ച ഗൗരവ് ഗൊഗോയി പറഞ്ഞു. ഗാന്ധിഘാതകനായ നാഥുറാം ഗോദ്സെയെ ആരാധിക്കുന്ന പാരമ്പര്യം അവർ അവസാനിപ്പിക്കണം. ശ്രീരാമൻ എല്ലാവരുടേതുമാണ്. സന്തോഷവും സൗഹാർദവുമായി എല്ലാവരും കഴിയുന്ന കാലഘട്ടമാണ് യഥാർഥത്തിൽ രാമരാജ്യം.
ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച എ.ഐ.എം.ഐഎം നേതാവ് അസദുദ്ദീൻ ഉവൈസി ‘ബാബരി മസ്ജിദ് സിന്ദാബാദ്, ഭാരത് സിന്ദാബാദ്’ മുദ്രാവാക്യം വിളിയോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. 140 കോടി ജനങ്ങളുടെ അഭിലാഷമല്ല ക്ഷേത്രനിർമാണം. ഹിന്ദുക്കളിൽ വലിയൊരു പങ്ക് അതിനോട് യോജിക്കുന്നില്ല. ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ബാബരി മസ്ജിദ് എക്കാലവും അവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.